ദേശീയ മെഡിക്കൽ കമ്മിഷന് 10 ലക്ഷം പിഴയിട്ട് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ കോഴിക്കോട്ടെ കെഎംസിടി മെഡിക്കൽ കോളജിനു സീറ്റുകൾ വർധിപ്പിക്കാൻ അനുമതി നൽകിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഹർജി നൽകിയ ദേശീയ മെഡിക്കൽ കമ്മിഷന് (എൻഎംസി) സുപ്രീം കോടതി 10 ലക്ഷം രൂപ പിഴയിട്ടു. പ്രത്യേകാനുമതി ഹർജി നൽകിയ നടപടിയെ അതിരൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, സർക്കാർ സംവിധാനം എന്ന നിലയിൽ എൻഎംസി നീതിപൂർവം പ്രവർത്തിക്കണമെന്ന് ഓർമിപ്പിച്ചു. എൻഎംസിയുടെ നടപടി പ്രഥമദൃഷ്ട്യാ മാതൃകാപരമല്ലെന്നും ജഡ്ജിമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
2023–24 അക്കാദമിക വർഷം എംബിബിഎസ് സീറ്റുകൾ 150–ൽ നിന്ന് 250 ആക്കാൻ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡ് 2023 ഫെബ്രുവരിയിൽ കോളജിന് അനുമതി നൽകി. പിന്നാലെ, അഫിലിയേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടി ഇതു പിൻവലിച്ചു. അതിനെതിരെ കോളജ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, അഫിലിയേഷനുള്ള അനുമതി രേഖാമൂലം നൽകിയാൽ സീറ്റ് വർധിപ്പിക്കാൻ അനുവദിച്ചു. അതിനെതിരെയായിരുന്നു എൻഎംസിയുടെ ഹർജി.
18 വർഷമായി പ്രവർത്തിക്കുന്ന കോളജ് എന്ന നിലയിൽ അഫിലിയേഷൻ സംബന്ധിച്ച് എൻഎംസി ഉയർത്തിയ വാദങ്ങളും തള്ളി. ഇത്രയും വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ അനുമതിക്കു വേണ്ടി കോടതികളിൽ നിന്നു കോടതികളിലേക്ക് ഓടിക്കുന്ന രീതി സ്ഥാപനത്തെ അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു വിമർശിച്ചു. പിഴത്തുക 4 ആഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കാൻ നിർദേശിച്ചു. കോളജിനു വേണ്ടി മനീന്ദർ സിങ്, നീരജ് ബോബി, എം.കെ.അശ്വതി എന്നിവർ ഹാജരായി.