സഹകരണ ബാങ്ക് സോഫ്റ്റ്വെയർ: പിൻവാതിൽ കരാറിന് നീക്കം
Mail This Article
കോഴിക്കോട് ∙ കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്‍വെയർ സ്ഥാപിക്കാൻ പിൻവാതിൽ കരാറിനു നീക്കമെന്ന് ആരോപണം. കരാർ ഒപ്പിടുന്ന കമ്പനിക്കു പകരം, പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമാണു സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതെന്നാണു വിവരം. കരാർ വ്യവസ്ഥയിലെ ഭിന്നതയെ തുടർന്നു കരാറിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ച ടി.വി.സുഭാഷിനെ റജിസ്ട്രാർ സ്ഥാനത്തു നിന്നു നീക്കി വനിതാ ഐഎഎസ് ഓഫിസർക്കു ചുമതല നൽകിയെങ്കിലും അവരെയും ഒറ്റ ദിവസം കൊണ്ടു മാറ്റി. പുതിയ റജിസ്ട്രാർ ചുമതലയേറ്റെങ്കിലും ഇതുവരെ കരാറിൽ ഒപ്പിട്ടിട്ടില്ല.
സംസ്ഥാനത്തെ 1625 സഹകരണ ബാങ്കുകളിലും അവയുടെ 4500 ശാഖകളിലും കോർ ബാങ്കിങ് ഏർപ്പെടുത്താൻ 2018ൽ കരാർ നൽകിയതു വിവാദമായിരുന്നു. സാങ്കേതിക വൈദഗ്ധ്യവും മുൻപരിചയവും ഇല്ലാത്ത കമ്പനിക്കാണു ടെൻഡർ പോലും വിളിക്കാതെ 160 കോടിയുടെ കരാർ നൽകിയത്. പ്രതിപക്ഷം അഴിമതി ആരോപിച്ചതോടെ കരാർ പിൻവലിച്ചു. സമാന മേഖലയിൽ പരിചയമുള്ള എല്ലാ കമ്പനികൾക്കും പങ്കെടുക്കാൻ കഴിയുംവിധം ടെൻഡർ ക്ഷണിക്കാനും പിന്നീടു തീരുമാനിച്ചു.
ടെൻഡർ വിളിച്ചപ്പോൾ ടാറ്റ കൺസൽറ്റൻസി സർവീസ് (ടിസിഎസ്) മാത്രമാണു പങ്കെടുത്തത്. 10 തവണ ടെൻഡർ സമയം നീട്ടിയിട്ടും മറ്റാരും പങ്കെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി ടെൻഡർ വ്യവസ്ഥകളിൽ ഇളവു നൽകി 206 കോടി രൂപയ്ക്ക് ടിസിഎസിനു തന്നെ കരാർ നൽകാനാണു തീരുമാനം.