ആർഎസ്എസ്: സ്പീക്കറെ തള്ളി ഡപ്യൂട്ടി സ്പീക്കർ
Mail This Article
പാലക്കാട് ∙ ആർഎസ്എസ് വിഷയത്തിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ നിലപാടു ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തള്ളി. ആർഎസ്എസിന് എതിരെ ഉണ്ടായ ഐക്യമാണ് എൽഡിഎഫ് രാഷ്ട്രീയം. അപ്പോൾ ആർഎസ്എസ് വലിയ സംഘടനയാണ്, അതുകൊണ്ട് പോയി കാണാം എന്നു സ്പീക്കർ പറയാൻ പാടില്ല. സിപിഐയും സിപിഎമ്മും യോജിച്ചു നിൽക്കുന്നതുതന്നെ ബിജെപി, ആർഎസ്എസ് രാഷ്ട്രീയത്തിന് എതിരായിട്ടാണ്.
സ്വകാര്യ വാഹനത്തിൽ രഹസ്യമായാണ് എഡിജിപി 2 ആർഎസ്എസ് നേതാക്കളെ കണ്ടത്. എന്തിനു കണ്ടു, ആരു പറഞ്ഞയച്ചു, എന്താണ് ഉദ്ദേശ്യം എന്നറിയാൻ ജനങ്ങൾക്കു താൽപര്യവും അവകാശവുമുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു സംഘടനകൾ ഭക്ഷണം നൽകേണ്ടെന്ന് എഡിജിപി നിലപാടെടുത്തു. സിപിഐ നേതൃത്വം അതു ചോദ്യം ചെയ്തിരുന്നു. റവന്യു മന്ത്രികൂടി ഇടപെട്ടാണ് ആ തീരുമാനം മാറ്റിയത്.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയത്തിലും സിപിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപി എം.ആർ.അജിത് കുമാറിനെ മാറ്റിനിർത്തിവേണം അന്വേഷണം. എഡിജിപി തുടരുന്നതു വൈരുധ്യമാണ്. തൃശൂർ പൂരം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഉടൻ നൽകണം. അതു പരിശോധിച്ചു സിപിഐ നിലപാടു സ്വീകരിക്കും. ഇക്കാര്യത്തിലെല്ലാം പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോപകുമാർ പറഞ്ഞു.