ഹൈ വോൾട്ടേജ് ജനരോക്ഷം: റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ സംഘർഷം
Mail This Article
തിരുവനന്തപുരം ∙ വൈദ്യുതി നിരക്ക് പരിഷ്കരിക്കുന്നതിനു മുൻപു പൊതുജനാഭിപ്രായം കേൾക്കാൻ റഗുലേറ്ററി കമ്മിഷൻ നടത്തുന്ന പൊതു തെളിവെടുപ്പുകളിൽ അവസാനത്തേത് കയ്യാങ്കളിയോളമെത്തി. പല തവണയുണ്ടായ വാക്കേറ്റത്തിനൊടുവിൽ കമ്മിഷൻ ചെയർമാനും അംഗങ്ങളും ഇരിക്കുന്ന വേദിയിലേക്കും കടന്നുകയറ്റമുണ്ടായി. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറിന്റെ അവതരണം ബഹളത്തെ തുടർന്ന് അപൂർണമായി അവസാനിപ്പിക്കേണ്ടി വന്നു.
പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ശക്തമായ പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. വൈദ്യുതി ഉൽപാദനം കൂടുന്നില്ലെങ്കിൽ 2030 ൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 12 രൂപ നൽകേണ്ടി വരുമെന്നു പറഞ്ഞ കെഎസ്ഇബി ചെയർമാൻ, ജീവനക്കാരുടെ ഡിഎ കുടിശികയെ കുറിച്ചു പരാമർശിച്ചതോടെയാണു ബഹളം തുടങ്ങിയത്. (നിലവിൽ കുറഞ്ഞ നിരക്ക് യൂണിറ്റിന് 3.25 രൂപ).
ഉപയോക്താക്കൾ പറയുന്നതാണ് കമ്മിഷൻ കേൾക്കേണ്ടതെന്ന ആവശ്യമുയർത്തിയാണ് സദസ്സിൽ വലിയൊരു ഭാഗം ബഹളമുണ്ടാക്കിയത്. കെഎസ്ഇബി പ്രതിനിധി നടത്തിയ അവതരണം തടസ്സപ്പെടുത്താൻ ശ്രമമുണ്ടായെങ്കിലും അവർ പൂർത്തിയാക്കി. തുടർന്ന് സംസാരിച്ച ഭൂരിഭാഗം പേരും കെഎസ്ഇബിക്കെതിരെ വികാരപരമായാണ് സംസാരിച്ചത്.
ജീവനക്കാർ അധികമാണെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിർദേശങ്ങൾ പൂർണമായി നടപ്പാക്കണമെന്നും കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടതോടെ ബഹളം രൂക്ഷമായി. വേദിയിലേക്കു കയറിയ ചിലർ കമ്മിഷനെതിരെ ശബ്ദമുയർത്തിയതോടെ മൈക്ക് ഓഫ് ചെയ്തു. ഇരുചേരിയായി തിരിഞ്ഞ് സദസ്സിൽ വെല്ലുവിളിയും ബഹളവുമായതോടെ പൊലീസ് ഇടപെട്ടു. രാത്രി വൈകിയാണ് തെളിവെടുപ്പ് അവസാനിച്ചത്.
∙ ഉപയോക്താക്കൾ പറയുന്നത്
വേനൽക്കാലത്തേക്കു കെഎസ്ഇബി ശുപാർശ ചെയ്യുന്ന സമ്മർ താരിഫ് നിയമ വിരുദ്ധമാണ്. മറ്റു സംസ്ഥാനങ്ങളെ പോലെ ഗാർഹിക ഉപയോക്താക്കൾക്കു സബ്സിഡി ഏർപ്പെടുത്തണം. ഇടയ്ക്കിടെയുള്ള ഫിക്സഡ് ചാർജ് വർധന ഒഴിവാക്കണം. വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിനു പകരം കെഎസ്ഇബി ചെലവു ചുരുക്കാനും മറ്റു വരുമാനം വർധിപ്പിക്കാനും മാർഗം കണ്ടെത്തണം.
∙ കെഎസ്ഇബി ചെയർമാൻ
പുതിയ പദ്ധതികളിൽ നിക്ഷേപം നടക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. ഇക്കണക്കിന് ഓരോ വർഷവും വൈദ്യുതി വാങ്ങാനുള്ള ചെലവ് വർധിക്കും. ശക്തമായ മഴയുണ്ടായിട്ടു പോലും ഓഗസ്റ്റിൽ 500 മെഗാവാട്ട് വൈദ്യുതി ലഭ്യത കുറഞ്ഞതിനെ തുടർന്ന് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വന്നു. പരിസ്ഥിതി സംരക്ഷണം പ്രധാനമാണെങ്കിലും അതിൽ മുറുകെപ്പിടിച്ചാൽ വൈദ്യുതിക്കു വലിയ വില കൊടുക്കേണ്ടി വരും.
∙ കമ്മിഷൻ പറഞ്ഞത്
തെളിവെടുപ്പിൽ ഉപയോക്താക്കൾ ഉന്നയിച്ച ഓരോ പരാതിയിലും എന്തു നടപടിയെടുത്തുവെന്നും മറുപടിയെന്താണെന്നും കെഎസ്ഇബി വിശദമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.