‘പിആർഡിയിലും പവർ ഗ്രൂപ്പുണ്ട്’: ആരോപണങ്ങളുമായി ചലച്ചിത്ര, ഡോക്യുമെന്ററി സംവിധായകർ
Mail This Article
ആലപ്പുഴ∙ പിആർഡിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസിനും പിആർഡി ഉദ്യോഗസ്ഥർക്കുമെതിരെ ആരോപണങ്ങളുമായി ചലച്ചിത്ര, ഡോക്യുമെന്ററി സംവിധായകർ രംഗത്ത്. ഇഷ്ടക്കാർക്കു പണം നേടാൻ വേണ്ടി എല്ലാം അട്ടിമറിക്കുന്ന സംഘമാണു തലപ്പത്തെന്ന് അവർ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജും ചില പിആർഡി ഉദ്യോഗസ്ഥരുമാണ് എല്ലാം അട്ടിമറിക്കുന്നതെന്നു ഡോക്യുമെന്ററി, പരസ്യ സംവിധായകൻ കെ.ആർ.സുഭാഷിന്റെ ആരോപണം. ഇപ്പോൾ നടക്കുന്നതെല്ലാം സ്വന്തക്കാർക്കു വേണ്ടിയുള്ള കളികളാണെന്നും താൻ അതിന്റെ ഇരയാണെന്നും സുഭാഷ് പറയുന്നു.
‘‘സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം പ്രമാണിച്ചു സംവിധാനം ചെയ്ത സ്വാതന്ത്ര്യത്തിന്റെ അമൃതഗീതങ്ങൾ എന്ന ഡോക്യുമെന്ററിക്കു 3 ലക്ഷം രൂപ മാത്രമാണു നൽകിയത്. 6.5 ലക്ഷം ചെലവായിരുന്നു. പരിശോധിച്ച കമ്മിറ്റി പ്രശംസിച്ച സൃഷ്ടിയായിരുന്നു ഇത്. വേണ്ടപ്പെട്ടവർക്കെല്ലാം യഥേഷ്ടം പണം നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പോർട്ടലിലും നവകേരള സദസ്സിലും ഉൾപ്പെടെ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. 2012 മുതൽ സംവിധായകരുടെ പാനലിൽ ഉണ്ടായിരുന്ന ‘ഐഡിയ വേൾഡ്’ എന്ന എന്റെ സ്ഥാപനത്തെ അതോടെ ഒഴിവാക്കി. സിപിഎം സഹയാത്രികനായിരുന്ന ഞാൻ പാർട്ടിയുടെ കത്തു സഹിതം മനോജിനു പരാതി നൽകി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പാലക്കാട്ടു പോയി കണ്ടു. അദ്ദേഹം എകെജി സെന്ററിലേക്കു പറഞ്ഞുവിട്ടു. ഒന്നും സംഭവിച്ചില്ല. 2016ലെ തിരഞ്ഞെടുപ്പു കാലത്ത് പിണറായി വിജയനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ പാർട്ടിക്കു വേണ്ടി ‘യുവതയോട് – അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററി ചെയ്തയാളാണു ഞാൻ’’– കെ.ആർ.സുഭാഷ് പറഞ്ഞു.
പിആർഡിയിലും പവർ ഗ്രൂപ്പുണ്ടെന്നായിരുന്നു മറ്റൊരു ചലച്ചിത്ര, ഡോക്യുമെന്ററി സംവിധായകന്റെ ആരോപണം. സർക്കാർ പരസ്യങ്ങളുടെ കരാർ ഇഷ്ടക്കാർക്കു പങ്കുവയ്ക്കുന്ന ഏജൻസിയാക്കി പിആർഡിയെ മാറ്റിയെന്ന് ഇദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. ‘‘ആദ്യം ഈ സംഘം ചെയ്തതു ഡോക്യുമെന്ററിക്കും പരസ്യത്തിനും വെവ്വേറെ പാനലുണ്ടാക്കുകയാണ്. പിന്നെ ഓരോ വകുപ്പിനും വെവ്വേറെ പാനൽ ആയി. വൈകാതെ ആ പാനലുകളും നോക്കുകുത്തികളായി. ജോലികൾ സ്വകാര്യ ഏജൻസികൾക്കു നൽകാൻ തുടങ്ങി. കോവിഡ് കാലം ഇത്തരം ഇടപാടുകൾക്കു വലിയ സൗകര്യമൊരുക്കി. പല ഉദ്യോഗസ്ഥരും ബെനാമി സ്ഥാപനങ്ങൾ തുടങ്ങി. കോഴിക്കോട്ടെ ഒരു സ്ഥാപനം ഇത്തരത്തിൽ പല കരാറുകളും നേടിയിട്ടുണ്ട്. വൻതുകയാണ് ഇത്തരക്കാരുടെ നേട്ടം. മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനിയുടെ മകന് ഈ സ്ഥാപനവുമായി ബന്ധമുണ്ട്’’– സംവിധായകൻ ആരോപിക്കുന്നു.
‘‘പിആർഡി ഏതാനും മാസം മുൻപു ഡോക്യുമെന്ററികൾക്കും പരസ്യത്തിനും പാനൽ തയാറാക്കാൻ ആളുകളെ വിളിച്ചു. ഡോക്യുമെന്ററി പാനൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ, പരസ്യത്തിന്റെ പാനൽ പ്രസിദ്ധീകരിച്ചു. ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട താൽപര്യമാണ് ഇതു വ്യക്തമാക്കുന്നത്. ഇത്തരം ഇടപാടുകൾക്കെതിരെ പല തവണ പരാതിപ്പെടാൻ ശ്രമിച്ചു. പക്ഷേ, മുഖ്യമന്ത്രിയെ കാണാൻ കഴിയില്ല. ഓഫിസിൽ വാങ്ങിവയ്ക്കുന്ന പരാതിയിൽ നടപടിയില്ല. ഒഴുക്കൻ മറുപടി പറഞ്ഞു തിരിച്ചയയ്ക്കും’’– സംവിധായകൻ പറഞ്ഞു.