ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ്: ചരിത്രത്തിലാദ്യമായി കേരളത്തിനില്ല
Mail This Article
ന്യൂഡൽഹി ∙ നഴ്സുമാരെയും മിഡ്‌വൈഫുമാരെയും ദേശീയ തലത്തിൽ ആദരിക്കുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡിന്റെ ചരിത്രത്തിലാദ്യമായി കേരളം പട്ടികയ്ക്കു പുറത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അവാർഡിനായി നഴ്സുമാരെ ശുപാർശ ചെയ്യേണ്ട സംസ്ഥാന സമിതി കൃത്യസമയത്ത് യോഗം ചേരാതിരുന്നതും മിനിറ്റ്സില്ലാതെ അപേക്ഷകൾ അവാർഡ് നിർണയ സമിതിക്ക് അയച്ചതും വിനയായി. അവാർഡിന് അപേക്ഷ ക്ഷണിച്ച വിവരം നഴ്സുമാരെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി. ഇതോടെ 1971 മുതലുള്ള അവാർഡിന്റെ ചരിത്രത്തിലാദ്യമായി കേരളം ഇടം പിടിച്ചില്ല.
മറ്റു സംസ്ഥാനങ്ങളിൽനിന്നും ലക്ഷദ്വീപ് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള നഴ്സുമാർ 15 വിഭാഗങ്ങളിലായി ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 50,000 രൂപയായിരുന്ന അവാർഡ് തുക 1 ലക്ഷമായി ഉയർത്തിയതും ഈ വർഷമാണ്.
കഴിഞ്ഞ ഒക്ടോബർ 7നാണ് അപേക്ഷ ക്ഷണിച്ചത്. സംസ്ഥാന ആരോഗ്യ സെക്രട്ടറി, നഴ്സിങ് കൗൺസിൽ റജിസ്ട്രാർ, നഴ്സിങ് എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ, അഡീഷനൽ ഡയറക്ടർ ഓഫ് നഴ്സിങ് സർവീസ് എന്നിവർ ചേർന്ന സമിതി പ്രത്യേകം യോഗം ചേരണം. മിനിറ്റ്സ് ഉൾപ്പെടെയാണ് അപേക്ഷിക്കേണ്ടത്. എന്നാൽ, പ്രത്യേക സമിതി യോഗം ചേരുന്നതിൽ വീഴ്ചയുണ്ടായി.