‘ജലപദ്ധതികൾ തടസ്സപ്പെടുത്തുമ്പോൾ വൻ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരും’: പരിസ്ഥിതിവാദത്തിനെതിരെ മന്ത്രി കൃഷ്ണൻകുട്ടി
Mail This Article
തിരുവനന്തപുരം ∙ പരിസ്ഥിതി പ്രശ്നങ്ങളുയർത്തി ജലവൈദ്യുത പദ്ധതികൾ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ പുറത്തു നിന്ന് വലിയ വിലയ്ക്കു വൈദ്യുതി വാങ്ങുകയേ വഴിയുള്ളൂ എന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടി വരും. സംസ്ഥാനത്തെ ഉൽപാദനം 2030 ൽ 10,000 മെഗാവാട്ടിൽ എത്തിക്കാനാണു കെഎസ്ഇബി ലക്ഷ്യമിടുന്നത്. 50 മെഗാവാട്ടിന്റെ വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളർ പദ്ധതിക്ക് അനുമതിയായി. ഇവിടെ നിന്ന് 2027 മുതൽ 3.04 രൂപ നിരക്കിൽ വൈദ്യുതി ലഭിക്കും.
വെർട്ടിക്കൽ ആക്സിസ് വിൻഡ് ടർബൈനിലൂടെ 30 മെഗാവാട്ട് , ഗ്രൗണ്ട് മൗണ്ടഡ് ആൻഡ് ഫ്ലോട്ടിങ് സോളർ പദ്ധതി വഴി 500 , പമ്പ്ഡ് സ്റ്റോറേജ് പദ്ധതി വഴി 2000 , ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വഴി 3300 എന്നിങ്ങനെയാണ് ലക്ഷ്യം. രാമക്കൽമേട്, അട്ടപ്പാടി, മാന്മുട്ടിമേട്, പാപ്പൻപാറ, കഞ്ചിക്കോട് എന്നിവിടങ്ങളിലായി 300 മെഗാവാട്ട് കാറ്റിൽനിന്ന് ഉൽപാദിപ്പിക്കാനും ലക്ഷ്യമുണ്ട്. അറബിക്കടലിൽ ഓഫ്ഷോർ കാറ്റാടി പാടങ്ങളുടെ സാധ്യത പരിശോധിക്കാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജിയുമായി ചർച്ച നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
500 മെഗാവാട്ട് : കരാർ ഒപ്പിട്ടു
കേരളത്തിന് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി (സെകി) കെഎസ്ഇബി കരാർ ഒപ്പിട്ടു. സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ ചെലവിൽ 10% കുറവ് ഇതിലൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. വൈദ്യുതി ഉപയോഗം കൂടിയ രാത്രി 6 നു ശേഷവും ഈ കരാറിലൂടെ വൈദ്യുതി ലഭിക്കും. പകൽ സൗരോർജ വൈദ്യുതിയും രാത്രി രണ്ട് മണിക്കൂർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാക്കുക.
രാത്രി മണിക്കൂറിൽ 250 മെഗാവാട്ട് എന്ന നിലയിൽ തുടർച്ചയായി രണ്ട് മണിക്കൂറോ തവണകളായോ വൈദ്യുതി ഉപയോഗിക്കാം. യൂണിറ്റിന് 3.49 രൂപയാണ് നിരക്ക്. 2026 സെപ്റ്റംബർ മുതൽ 25 വർഷത്തെ കരാർ പ്രകാരമുള്ള വൈദ്യുതി ലഭിച്ചു തുടങ്ങും. സോളർ എനർജി കോർപറേഷൻ ജനറൽ മാനേജർ എ.കെ.നായിക്കും കെഎസ്ഇബി ചീഫ് എൻജിനീയർ ജി.സജീവുമാണ് കരാറിൽ ഒപ്പുവച്ചത്.