പെരിയ ഇരട്ടക്കൊല: പ്രതികളുടെ വിചാരണ പൂർത്തിയായി, വിധി നവംബറോടെ
Mail This Article
പെരിയ (കാസർകോട്) ∙ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‍ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വിചാരണ കൊച്ചി സിബിഐ കോടതിയിൽ പൂർത്തിയായി. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അതിനെ സ്ഥിരീകരിക്കുന്ന സാക്ഷികളോ രേഖകളോ ഉണ്ടെങ്കിൽ ഈ മാസം 20ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു.
2019 ഫെബ്രുവരി 17ന് രാത്രി കല്യോട് കൂരാങ്കര റോഡിലാണ് ശരത്‌ലാലും കൃപേഷും വെട്ടേറ്റു മരിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ആദ്യം 14 പേരെ പ്രതികളാക്കുകയും 11 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒന്നാം പ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ശരത്‌ലാലിന്റെയും ക്യപേഷിന്റെയും കുടുംബം നടത്തിയ നിയമ പോരാട്ടത്തെത്തുടർന്ന് സുപ്രീംകോടതി കേസന്വേഷണം സിബിഐക്ക് കൈമാറി. സിബിഐ അന്വേഷണത്തിൽ 10 സിപിഎം പ്രവർത്തകരെക്കൂടി പ്രതിചേർത്തു. ഇതിൽ 5 പേർ 2021 ഡിസംബറിൽ അറസ്റ്റിലായി. ഇവരിപ്പോൾ കാക്കനാട് ജയിലിലാണ്. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനുൾപ്പെടെയുള്ള 5 പേർ ജാമ്യമെടുത്തു.
ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ പോരായ്മകൾ ഓരോന്നായി എടുത്തുകാട്ടി ഹൈക്കോടതി നിശിതവിമർശനമാണ് നടത്തിയത്. അതിനാൽ കോടതിയുടെ അനുമതിയോടെ ഫൊറൻസിക് സർജൻ ഉൾപ്പെടെയുള്ളവരെ വരുത്തി ശാസ്ത്രീയമായ രീതിയിൽ ആയുധപരിശോധനയടക്കം പൂർത്തിയാക്കി പഴുതുകളടച്ചാണ് സിബിഐ കുറ്റപത്രം നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 2ന് ആണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഒരു വർഷത്തിലേറെനീണ്ട സാക്ഷി വിസ്താരത്തിനൊടുവിൽ ഈമാസമാണ് പ്രതികളുടെ വിചാരണ ആരംഭിച്ചത്. കേസിൽ വാദം ഒക്ടോബറിൽ പൂർത്തിയാക്കി നവംബറോടെ വിധി പറയുമെന്നാണ് കരുതുന്നത്.