പെരിറ്റോണിയൽ ഡയാലിസിസ്: കുടിശിക തീർക്കാൻ 1.10 കോടി
Mail This Article
കോഴിക്കോട് ∙ വൃക്ക രോഗികൾക്ക് വീട്ടിൽ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന പെരിറ്റോണിയൽ ഡയാലിസിസിനുള്ള മരുന്നുകളും ഉപകരണങ്ങളും വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ഡയാലിസിസ് സെന്ററുകളിൽ ഇതിനായി നീക്കി വച്ച 6 കോടി രൂപയിൽ ശേഷിക്കുന്ന 1.10 കോടി രൂപയാണ് അനുവദിച്ചത്. എങ്കിലും കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മരുന്നു ക്ഷാമം തുടരും.
സംസ്ഥാനത്ത് 543 റജിസ്റ്റേർഡ് രോഗികളാണുള്ളത്. കുടിശിക 7 കോടിക്കു മുകളിലായതോടെയാണ് കമ്പനികൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സിഎപിഡി (കണ്ടിന്യൂവസ് ആംബുലേറ്ററി പെരിറ്റോണിയൽ ഡയാലിസിസ്) മരുന്നുകളും ഫ്ലൂയിഡ് ബാഗുകളും വിതരണം നിർത്തിയത്. ഏപ്രിൽ– മേയ് മാസത്തിൽ വിതരണത്തിനെത്തിച്ചതിൽ ശേഷിക്കുന്ന സ്റ്റോക്കാണ് ഇതേവരെ രോഗികൾക്ക് സൗജന്യമായി നൽകിയിരുന്നത്. ഇതും അവസാനിച്ചതോടെ വിതരണം പാടേ നിലച്ചു. രോഗികളുടെ ദുരിതം വ്യക്തമാക്കി കഴിഞ്ഞ ദിവസം ‘മനോരമ’ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണു നടപടി.
8 ജില്ലകളിൽ ഇതോടെ മരുന്നു ക്ഷാമം തീർന്നേക്കും. എന്നാൽ ആലപ്പുഴ (18 ലക്ഷം), കൊല്ലം (35), കോട്ടയം (16), പത്തനംതിട്ട (22) ജില്ലകളിൽ മുൻപേയുള്ള കുടിശിക തീർക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ഇതിനായുള്ള ഫയലും പിടിച്ചു വച്ചിരിക്കുകയാണ്. ഈ കുടിശിക കിട്ടാതെ നാലു ജില്ലകളിൽ വിതരണം നടക്കില്ലെന്ന നിലപാടിലാണ് കമ്പനി.
1.10 കോടി രൂപ 14 ജില്ലകളിലെ പ്രോഗ്രാം മാനേജർമാരുടെ അക്കൗണ്ടിലേക്കാണ് എത്തുക. കെഎംഎസ്‌സിഎല്ലുമായി കരാറുള്ള കമ്പനികളിൽ നിന്ന് അവർക്ക് നേരിട്ടു മരുന്നു വാങ്ങാം.