ഫോൺ ചോർത്തൽ: നടപടിക്രമം കർശനം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആരുടെയെങ്കിലും ഫോൺ ചോർത്തുന്നത് എളുപ്പമല്ല. അതു വേണമെങ്കിൽ പൊലീസും സർവീസ് പ്രൊവൈഡറും കർശന നടപടിക്രമം പാലിക്കണം. അതേസമയം കോൾ റിക്കോർഡിങ്ങും ഫോൺവിളിയുടെ വിശദാംശം ശേഖരിക്കലും (സിഡിആർ) എളുപ്പമാണ്, പ്രത്യേകിച്ചു പൊലീസ് ഉദ്യോഗസ്ഥർക്ക്. അതിനാൽ പി.വി.അൻവർ ഫോൺ ചോർത്തിയെന്ന ഒരു സംഘടനയുടെ പരാതിയിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണത്തിനു നടപടിക്രമം വ്യക്തമാക്കി അധികൃതർ റിപ്പോർട്ട് നൽകും.
ഫോൺ ചോർത്തൽ എന്നാൽ സർവീസ് പ്രൊവൈഡറിനു (ബിഎസ്എൻഎൽ, എയർടെൽ തുടങ്ങിയവ) മേലുദ്യോഗസ്ഥരുടെ അനുമതിയോടെ നിശ്ചിത ഫോമിൽ കത്തു നൽകി 2 മാസം വരെ തുടർച്ചയായി ആ നമ്പറിലേക്കു വരുന്നതും തിരികെ വിളിക്കുന്നതുമായ എല്ലാ സംഭാഷണവും റിക്കോർഡ് ചെയ്തു കൈമാറുന്ന രീതിയാണ്. നടപടിക്രമം സങ്കീർണമായതിനാൽ ആരുടെയെങ്കിലും ഫോൺ സംഭാഷണം തുടർച്ചയായി ചോർത്താൻ കഴിയില്ല.
ക്രമസമാധാനച്ചുമതലയുള്ള ഡിഐജി മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥർക്കു മാത്രമാണു ഫോൺ ചോർത്താൻ അധികാരം. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ 7 ദിവസത്തേക്കു ചോർത്താം. എന്നാൽ, ചോർത്തിത്തുടങ്ങി 3 ദിവസത്തിനകം ഉദ്യോഗസ്ഥർ സർക്കാരിന് അപേക്ഷ സമർപ്പിക്കണം. ദേശീയ– ആഭ്യന്തര സുരക്ഷാ ഭീഷണി, ഗുരുതര ക്രമസമാധാനപ്രശ്നത്തിനുള്ള സാധ്യത, രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധം തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഫോൺ ചോർത്താനാണ് അനുമതിയുള്ളത്.
ഇത്തരം അപേക്ഷകൾക്ക് 7 ദിവസത്തിനകം ആഭ്യന്തര സെക്രട്ടറി അനുമതി നൽകണം. ഇല്ലെങ്കിൽ ചോർത്തൽ നിലയ്ക്കും. ആവശ്യമെങ്കിൽ 2 മാസം വരെ ആ ഫോൺ ചോർത്താൻ സെക്രട്ടറിക്ക് അനുമതി നൽകാം. ആ സംഭാഷണം സർവീസ് പ്രൊവൈഡർ ഡിജിറ്റലായി പൊലീസിനു കൈമാറും. ആവശ്യമുള്ള വിവരം എടുത്ത ശേഷം 6 മാസത്തിനകം ബാക്കി വിവരം നശിപ്പിക്കണം. കൂടുതൽ കാലം അതേ നമ്പർ ചോർത്തണമെങ്കിൽ 2 മാസത്തിനു ശേഷം പുതിയ അപേക്ഷ നൽകണം. സർവീസ് പ്രൊവൈഡറുടെ കംപ്യൂട്ടറിൽനിന്നു ചോർത്തുന്ന വിവരങ്ങൾ മായ്ച്ചാലും അതു വീണ്ടെടുക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയറാണ് ഉള്ളത്. അതിനാൽ അനധികൃത ചോർത്തലിനു സർവീസ് പ്രൊവൈഡറും കൂട്ടുനിൽക്കില്ല.