ഉരുളിലെ വെളിച്ചം അണഞ്ഞു!: ഉരുൾപൊട്ടലിൽ അനാഥയായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസൻ മരിച്ചു
Mail This Article
കൽപറ്റ ∙ വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടമായതിന്റെ ദുഃഖമകറ്റാൻ എക്കാലവും ശ്രുതിയുടെ കൂടെയുണ്ടാകുമെന്ന വാക്കു ബാക്കിവച്ച് ജെൻസൻ (23) യാത്രയായി. മാതാപിതാക്കളും സഹോദരിയുമുൾപ്പെടെ കുടുംബത്തിലെ 9 പേരും വീടും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസൻ ജയന് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. ഒരായുഷ്കാലത്തെ വേദനയാകെ നെഞ്ചിലേറ്റേണ്ടിവന്ന ശ്രുതിക്ക് ഇനി ഈ സങ്കടകാലവും കടന്നുപോകാൻ കഴിയണം!
-
Also Read
ഫോൺ ചോർത്തൽ: നടപടിക്രമം കർശനം
കഴിഞ്ഞദിവസം ശ്രുതിക്കും കൂട്ടർക്കുമൊപ്പം യാത്ര ചെയ്യവേ വാൻ ബസിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9 മണിക്കാണ് മരണം. അപകടത്തിൽ കാലിനു പരുക്കേറ്റു കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രുതിയെ വിവരം അറിയിച്ചിട്ടില്ല.
മുണ്ടേരിയിലെ വാടകവീട്ടിലായിരുന്ന ശ്രുതിക്കൊപ്പം കഴിഞ്ഞദിവസം ചുരം വ്യൂപോയിന്റ് കാണാൻ വാനിൽ പോകുമ്പോൾ കൽപറ്റ വെള്ളാരംകുന്നിനു സമീപമാണ് അപകടം. െജൻസനാണ് ഡ്രൈവ് ചെയ്തിരുന്നത്. വാൻ വെട്ടിപ്പൊളിച്ചാണ് ജെൻസനെ പുറത്തെടുത്തത്. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് വെന്റിലേറ്ററിലാക്കി. പിന്നീട് നില വഷളായി. ശ്രുതിയടക്കം പരുക്കേറ്റ മറ്റുള്ളവരെല്ലാം അപകടനില തരണം ചെയ്തുവെന്നാണു വിവരം.
10 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ജൂണിലായിരുന്നു ജെൻസന്റെയും ശ്രുതിയുടെയും വിവാഹനിശ്ചയം. ചൂരൽമലയിൽ ശ്രുതിയുടെ പിതാവ് ശിവണ്ണൻ പണികഴിപ്പിച്ച വീടിന്റെ പാലുകാച്ചലും അന്നു നടന്നു. ഒരുമാസം തികയും മുൻപ് ശിവണ്ണനെയും അമ്മ സബിതയെയും അനുജത്തി ശ്രേയയെയും പുതിയ വീടിനൊപ്പം ഉരുളെടുത്തു. വിവാഹത്തിനായി കരുതിവച്ച സ്വർണവും പണവും നഷ്ടപ്പെട്ടു. ബന്ധുക്കളായ 6 പേരും മരിച്ചു. ജോലിക്കായി കോഴിക്കോടായിരുന്നതിനാൽ മാത്രം ശ്രുതി രക്ഷപ്പെട്ടു. ഉള്ളുരുകുന്ന വേദനയിൽ ക്യാംപിൽ തനിച്ചായ ശ്രുതിയെ ചേർത്തുപിടിച്ച് അന്നു മുതൽ എല്ലാ ദിവസവും ജെൻസൻ ഒപ്പമുണ്ടായിരുന്നു.
അമ്പലവയൽ ആണ്ടൂർ സ്വദേശി പരിമളം വീട്ടിൽ ജയൻ–മേരി ദമ്പതികളുടെ മകനാണ് ജെൻസൻ. സഹോദരങ്ങൾ: ജെയ്സൺ, ജെൻസി.