ഭൂമി വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം: എ.രാജ എംഎൽഎ മാപ്പ് പറയണമെന്ന് സിപിഐ
Mail This Article
മൂന്നാർ ∙ എ.രാജ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ വീണ്ടും രംഗത്ത്. തോട്ടം തൊഴിലാളികളും പിന്നാക്ക വിഭാഗക്കാരും വസിക്കുന്ന മൂന്നാർ, ദേവികുളം പഞ്ചായത്തുകളിൽ സർക്കാരിന്റെ ലൈഫ് ഭവനപദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സിപിഎം എംഎൽഎ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കു കത്തുനൽകിയെന്നാണു സിപിഐയുടെ ആരോപണം.
മൂന്നാർ, ദേവികുളം പഞ്ചായത്തുകൾ സിപിഐ ഭരിച്ച കാലത്ത് വീടുവയ്ക്കാൻ ഭൂമി വാങ്ങിയതിൽ അഴിമതി നടന്നെന്ന് എംഎൽഎ ആരോപിച്ചിരുന്നു. എന്നാൽ, തട്ടിപ്പു നടത്തിയത് സിപിഎം പഞ്ചായത്തംഗങ്ങളാണെന്നും ഇക്കാര്യം അന്വേഷിക്കാതെ രാജ വ്യാജപ്രചാരണം നടത്തുകയാണെന്നും സിപിഐ നേതൃത്വം ആരോപിക്കുന്നു.
സിപിഐ ആരോപണം ഇങ്ങനെ: ‘മൂന്നാറിൽ ഈയിടെ നിർമിച്ച റോഡുകളെല്ലാം തകർന്നതിൽ പ്രതിഷേധിച്ച് സിപിഐ സമരങ്ങൾ നടത്തിയതിലുള്ള വൈരാഗ്യമാണ് എംഎൽഎക്ക്. സമരം നടത്തിയ സിപിഐ നേതാക്കൻമാർക്കെതിരെ എംഎൽഎ ഇടപെട്ട് കേസെടുപ്പിച്ചു. എല്ലാ റോഡുകളും നിർമിച്ചത് ഒരു കരാറുകാരനാണ്. കരാറുകാരനുമായി എംഎൽഎക്കുള്ള ബന്ധമാണു സിപിഐക്കെതിരെ തിരിയാൻ കാരണം. സമരം ചെയ്ത സിപിഐ പഞ്ചായത്തംഗങ്ങളെ എംഎൽഎ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിലും എംഎൽഎ കരാറുകാരനു വേണ്ടി വക്കാലത്തുമായി വന്നു. മൂന്നാറിലെ എൽഡിഎഫ് മുന്നണി ബന്ധം തകർക്കാനായി എംഎൽഎ ഗൂഢാലോചന നടത്തുകയാണ്.’’
എംഎൽഎ ഇടതുമുന്നണിയോടു മാപ്പ് പറയണമെന്നു സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേൽ, മണ്ഡലം സെക്രട്ടറി ടി.ചന്ദ്രപാൽ, അസിസ്റ്റന്റ് സെക്രട്ടറി എസ്.എം.കുമാർ, പി.കാമരാജ് എന്നിവർ ആവശ്യപ്പെട്ടു.