മുണ്ടക്കൈ– ചൂരൽമല ദുരന്തം: ഇരകളുടെ മാനസികാരോഗ്യ രക്ഷയ്ക്കുള്ള പദ്ധതികൾ അറിയിക്കണം: ഹൈക്കോടതി
Mail This Article
കൊച്ചി ∙ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികൾ ഉൾപ്പെടെ വയനാട് മുണ്ടക്കൈ– ചൂരൽമല ദുരന്ത ബാധിതരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി.സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെയും (കെൽസ) നേതൃത്വത്തിലുള്ള ഗ്രീവൻസ് സെല്ലിൽ ലഭിച്ച പരാതികളിൽ ജില്ലാ തലത്തിൽ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ രണ്ടാഴ്ചയ്ക്കകം പട്ടിക തയാറാക്കി കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. ദുരന്ത ബാധിതർക്ക് ഉൾപ്പെടെ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് ഏർപ്പെടുത്തുന്നതു പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ഈ വിഷയങ്ങളിൽ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തേണ്ടതുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു.
ദുരന്ത ബാധിതരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനായി നടത്തുന്ന ആത്മാർഥ ശ്രമങ്ങൾ സംബന്ധിച്ചു സർക്കാരും കെൽസയും നൽകിയ റിപ്പോർട്ടുകളിൽ കോടതി തൃപ്തി പ്രകടിപ്പിച്ചു.
തിരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെന്നു സർക്കാർ വ്യക്തമാക്കി. ഡിഎൻഎ സാംപിളുകൾ പരിശോധനയുടെ അടിസ്ഥാനത്തിൽ, കാണാതായവരുടെ എണ്ണം 69 ആണ്. ഓഖി ദുരന്തത്തിൽ കണ്ടെത്താനാകാതെ വന്നവരുടെ കുടുംബത്തിന് സഹായധനം നൽകിയ രീതിയാണ് വയനാട് ദുരന്തത്തിൽ കണ്ടെത്താൻ കഴിയാത്തവരുടെ കാര്യത്തിലും പരിഗണിക്കുന്നത്
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ആറു കുട്ടികളും ഇവരിൽ ഒരാളെ നഷ്ടപ്പെട്ട ഏഴു കുട്ടികളുമുണ്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ഫോസ്റ്റർ കെയറിൽ ഏൽപിച്ചിട്ടുണ്ട്. ഇവർക്കു കൗൺസലിങ് നൽകുന്നുണ്ട്. ദീർഘകാല അടിസ്ഥാനത്തിൽ കൗൺസലിങ് ആവശ്യമുണ്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തിൽ വനിതാ ശിശുക്ഷേമ മന്ത്രാലയം ഈയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്നും അറിയിച്ചു.