വ്യാജ രേഖ ചമച്ച് 11.90 ലക്ഷം തട്ടിയെടുത്തു: പട്ടികജാതി വികസന മുൻ ഓഫിസർക്ക് 7 വർഷം കഠിനതടവും 30 ലക്ഷം പിഴയും
Mail This Article
മൂവാറ്റുപുഴ ∙പട്ടികജാതിക്കാരുടെ ഭവന നിർമാണ പദ്ധതിയിൽ നിന്ന് വ്യാജ രേഖകൾ ചമച്ച് 11.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പട്ടികജാതി വികസന മുൻ ഓഫിസർക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി 7 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.ദേവികുളം പട്ടികജാതി ഓഫിസറായിരുന്ന ഇറച്ചിപ്പാറ വിജയ കോട്ടേജിൽ ഡി.പി. ക്രിസ്റ്റഫർ രാജിനെ (74) ആണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജു ശിക്ഷിച്ചത്. രണ്ടാം പ്രതി പള്ളിവാസൽ നഴ്സറി ഡിവിഷൻ ചെട്ടിയാർ മനോഹരൻ വിചാരണ വേളയിൽ ഒളിവിൽ പോയി. മനോഹരന്റെ കേസ് നിലനിർത്തിയാണ് കോടതി വിധി പറഞ്ഞത്.
മറയൂർ വില്ലേജിലെ കോച്ചാരം പ്രദേശത്ത് ഭവനരഹിതരായ 34 പട്ടികജാതി കുടുംബങ്ങൾക്കു വീടു നിർമിക്കുന്നതിന് അനുവദിച്ച ഫണ്ടിൽ നിന്നാണു പണം തട്ടിയത്.
34 പേരിൽ നിന്ന് 35000 രൂപ വീതമാണ് തട്ടിയെടുത്തത്. വീടു നിർമിക്കാൻ പണം നൽകിയതായി വ്യാജ രേഖകൾ തയാറാക്കി ആയിരുന്നു ക്രമക്കേട്.
ഇടുക്കി വിജിലൻസ് 2016ലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അഴിമതി നിരോധന നിയമത്തിലെ 13 (2) സെക്‌ഷൻ പ്രകാരം 3 വർഷം കഠിന തടവും 15 ലക്ഷം രൂപ പിഴയും 409 ഐപിസി പ്രകാരം 3 വർഷം കഠിന തടവും 15 ലക്ഷം രൂപ പിഴയും 465 ഐപിസി പ്രകാരം 1 വർഷം കഠിന തടവിനും ആണു കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി. ക്രിസ്റ്റഫർ രാജിന് എതിരെ വിജിലൻസ് നൂറിലധികം അഴിമതി കേസുകളാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് കോടതിയുടെ ശിക്ഷാ വിധി ഉണ്ടായത്. ക്രിസ്റ്റഫറിന് ജാമ്യം ലഭിക്കുകയും ചെയ്തു.