ചോറ്റാനിക്കരയിലെ ബാലികയുടെ മരണം: പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
Mail This Article
കൊച്ചി ∙ ചോറ്റാനിക്കരയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി പിറവം ഐക്കരനാട് മീമ്പാറ രജിത്തിന്റെ വധശിക്ഷയാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജീവപര്യന്തമാക്കിയത്.
രജിത്ത്, കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ രണ്ടാം പ്രതി റാണി, രജിത്തിന്റെ സുഹൃത്തും മൂന്നാം പ്രതിയുമായ ചോറ്റാനിക്കര തിരുവാണിയൂർ മരങ്ങാട്ടുള്ളി ബേസിൽ കെ. ബാബു എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമേ നിലനിൽക്കൂ എന്നു വിലയിരുത്തിയാണു കോടതി നടപടി. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു മൂന്നു പേർക്കും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റത്തിന് 7 വർഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
എറണാകുളം അഡീഷനൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീലും ഒന്നാം പ്രതിയുടെ വധശിക്ഷ ശരിവയ്ക്കുന്നതിനുള്ള റഫറൽ ഹർജിയുമാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. 2013 ഒക്ടോബർ 29 നാണു കുട്ടിയെ കാണാതാകുന്നത്. കുഴിച്ചിട്ട നിലയിലായിരുന്ന മൃതദേഹം പിറ്റേന്നു കടയിക്കാവളവിൽ നിന്നു പുറത്തെടുക്കുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന യുവതി കാമുകനും സുഹൃത്തും കുട്ടിയുമൊന്നിച്ച് ചോറ്റാനിക്കരയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. അമ്മയുടെ വഴിവിട്ട ജീവിതത്തിനു മുൻ വിവാഹത്തിൽ നിന്നുള്ള കുട്ടി തടസ്സമായതിനാൽ മൂന്നുപേരും ചേർന്നു ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.