കാസ്പ്: പുതിയ കുടുംബങ്ങളെ ചേർക്കാൻ കേന്ദ്രസഹായം തേടും
Mail This Article
തിരുവനന്തപുരം ∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) പുതിയ കുടുംബങ്ങളെ ചേർക്കുന്നതിനു സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും. ആയുഷ്മാൻ ഭാരതിൽനിന്ന് അനുവദിക്കുന്ന വിഹിതത്തിൽ വർധന വേണമെന്നാണ് ആവശ്യം. ഇതിനായി മന്ത്രി വീണാ ജോർജ് കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡയെ കാണും.
-
Also Read
പൊലിമ കുറവെങ്കിലും ‘ഉത്രാടം പാഞ്ഞു’
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയും കാസ്പും ചേർന്നാണു കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സൗജന്യ ചികിത്സ നൽകുന്നത്. ഇതിനു കുറഞ്ഞത് 1000 കോടി രൂപ വർഷം വേണമെന്നാണു സർക്കാരിന്റെ കണക്ക്. ആയുഷ്മാൻ ഭാരതിന്റെ വിഹിതമായി 151 കോടി രൂപയേ ലഭിക്കുന്നുള്ളൂ. കാസ്പിൽ എംപാനൽ ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് 1100 കോടി രൂപയിലേറെ കുടിശിക ഇനത്തിൽ നൽകാനുണ്ട്. അതിനാൽ മിക്ക ആശുപത്രികളും കാസ്പ് വഴിയുള്ള സഹായം പരിമിതപ്പെടുത്തിയിരിക്കുന്നതിന്റെ വിശദാംശങ്ങളും കേന്ദ്രത്തെ അറിയിക്കും.
കാസ്‌പിൽ ഇപ്പോൾ 41.99 ലക്ഷം കുടുംബങ്ങളാണുള്ളത്. 2019 നു ശേഷം പുതിയ കുടുംബങ്ങളെ ചേർക്കുന്നില്ല. അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഈ കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്നുള്ള സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നാണു സർക്കാർ വാദം. പക്ഷേ, ഹൃദ്രോഗം, വൃക്ക–കരൾ രോഗം, കാൻസർ എന്നിവയ്ക്കാണ് ഇതിൽനിന്നു സഹായം നൽകുന്നത്. അപകടം ഉൾപ്പെടെ ചെലവേറിയ ചികിത്സകൾക്ക് കാസ്പിൽ അംഗമല്ലാത്ത സാധാരണക്കാർ സ്വന്തം നിലയിൽ പണം മുടക്കണം.
ആരോഗ്യ ഇൻഷുറൻസ് : കേരളം പ്രത്യേകം റജിസ്ട്രേഷൻ നടത്തും
∙രാജ്യത്തെ 70 വയസ്സു കഴിഞ്ഞവർക്കെല്ലാം ആയുഷ്മാൻ ഭാരത് വഴി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകാൻ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിൽ കേരളം പ്രത്യേക റജിസ്ട്രേഷൻ നടത്തും. ഇതിനു ചെലവാകുന്ന മുഴുവൻ തുകയും കേന്ദ്രം അനുവദിക്കുമെന്നാണു പ്രതീക്ഷ. ഗുണഭോക്താക്കളുടെ മുഴുവൻ കണക്കും കേന്ദ്രത്തിനു നൽകിയാൽ മാത്രമേ തുക ലഭിക്കുകയുള്ളൂ. അതിനു വേണ്ടിയാണ് റജിസ്ട്രേഷൻ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ 70 വയസ്സു കഴിഞ്ഞവർക്ക് ഇപ്പോൾ കാസ്പിന്റെ ഇൻഷുറൻസ് കവറേജ് ഉണ്ട്. കുടുംബത്തിനാകെ 5 ലക്ഷം രൂപയാണ് കവറേജ്. കേന്ദ്രത്തിന്റെ പുതിയ പദ്ധതി പ്രകാരം ഈ കവറേജുള്ളവരിൽ 70 വയസ്സു കഴിഞ്ഞവർക്കു മാത്രം അധികമായി 5 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. അവർക്കു ചെലവാകുന്ന തുകയും പൂർണമായി കേന്ദ്രത്തിൽനിന്നു നേടിയെടുക്കണം.