ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സ്വകാര്യ മൊഴികൾ ഒരു വാർത്താ ചാനൽ പുറത്തുവിടുന്നതു ചൂണ്ടിക്കാട്ടി ഡബ്ല്യുസിസി മുഖ്യമന്ത്രി പിണറായി വിജയനു തുറന്ന കത്തയച്ചു. സ്വകാര്യതയ്ക്ക് എതിരായ കടന്നാക്രമണം അന്യായമാണെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കത്തിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഹേമ കമ്മിറ്റി മുൻപാകെ നൽകിയ മൊഴികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിലേക്കു വന്നതോടെ, കോടതി ഉത്തരവു പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണ നടക്കുകയാണെന്നു കത്തിൽ പറയുന്നു.

‘ഈ ആശങ്ക പങ്കുവയ്ക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചത്. എന്നാൽ, പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ചു പുറത്തുവിടരുതെന്നു ഹേമ കമ്മിറ്റിയും സർക്കാരും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നതു കമ്മിറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കി.

പുറത്തുവിടുന്ന വിവരങ്ങൾ, മൊഴി കൊടുത്തവർ ആരെന്നു പുറംലോകത്തിനു തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിനു വിധേയരായ സ്ത്രീജീവിതങ്ങളെ കടുത്ത മാനസിക സമ്മർദത്തിലുമാക്കുന്നു’. മുഖ്യമന്ത്രി ഇടപെട്ട്, സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ആവശ്യപ്പെടുന്നു.

ബദൽ സംഘടനയ്ക്ക് ശ്രമം സജീവം 

കൊച്ചി ∙ മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിക്കാനുള്ള നീക്കം സജീവമായി. പുരോഗമന സിനിമാ കാഴ്ചപ്പാടുള്ളവർ ഒരുമിക്കുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ’ രൂപീകരണത്തിനാണു ശ്രമമെന്നു സംവിധായകൻ ആഷിഖ് അബു അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ പേരിലുള്ള കത്തും പുറത്തിറക്കി. 

തൊഴിലാളികളുടെയും നിർമാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത തലത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് കത്തിൽ പറയുന്നു.

ഫെഫ്കയും ‘അമ്മ’യും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഉൾപ്പെടെ നിലവിലുള്ള സിനിമാ സംഘടനകൾക്കു ബദലായി പുരോഗമന കാഴ്ചപ്പാടുള്ള പുതിയ സംഘടന എന്നതാണ് ആശയം.

English Summary:

WCC against airing of Hema Committee report statement through channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com