ADVERTISEMENT

തിരുവനന്തപുരം ∙ മാസംതോറുമുള്ള വൈദ്യുതി ഉപയോഗം കണക്കിലെടുത്ത് പ്രതിമാസ ബിൽ നൽകാൻ യൂണിറ്റിന് 2 പൈസ അധിക ചെലവാകുമെന്നു കെഎസ്ഇബി. പ്രതിമാസ ബിൽ സമ്പ്രദായത്തിലേക്കു മാറിയാൽ അടുത്ത നിരക്ക് പരിഷ്കരണത്തിൽ ഈ ബാധ്യതയും ജനങ്ങൾ വഹിക്കേണ്ടി വരും. രണ്ടു മാസത്തിലൊരിക്കൽ നൽകുന്ന വൈദ്യുതി ബിൽ മാസത്തിലൊരിക്കൽ മീറ്റർ റീഡിങ് നടത്തി നൽകണമെങ്കിൽ ജീവനക്കാരുടെ ചെലവിനത്തിൽ 2 പൈസയുടെ വർധന വേണ്ടി വരുമെന്നാണ് കെഎസ്ഇബി കണക്കാക്കിയത്. 

പ്രതിമാസ ബിൽ സംവിധാനത്തിലേക്കു മാറണമെന്ന് ഒരു വിഭാഗം ഉപയോക്താക്കൾ ആവശ്യമുയർത്തിയപ്പോൾ സാധ്യത പരിശോധിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശം നൽകിയതിനെ തുടർന്നാണ് കെഎസ്ഇബി ചെലവ് കണക്കാക്കിയത്. ഇക്കാര്യം കമ്മിഷനെ അറിയിച്ച ശേഷമേ പ്രതിമാസ ബില്ലിങ്ങിലേക്കു മാറുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.

ഓരോ മാസവും ബിൽ നൽകുന്നത് കെഎസ്ഇബിക്കു ലാഭമാണ്. ഓരോ മാസവും വൈദ്യുതി വാങ്ങാൻ കോടിക്കണക്കിനു രൂപയാണ് കെഎസ്ഇബി ചെലവഴിക്കുന്നത്. ഈ തുക രണ്ടു മാസത്തിലൊരിക്കലാണ് ഉപയോക്താക്കളിൽ നിന്നു തിരികെ ലഭിക്കുന്നത്. ഓരോ മാസവും ബിൽ നൽകി തുക അക്കൗണ്ടിലേക്ക് എത്തിയാൽ പലിശ ഇനത്തിൽ ചെലവാകുന്ന തുകയിൽ വലിയ കുറവുണ്ടാകുമെന്നു കെഎസ്ഇബി കണക്കാക്കുന്നു. 

ഉപയോക്താക്കൾക്ക് പ്രതിമാസ ബില്ലിങ് നേട്ടത്തേക്കാൾ നഷ്ടമുണ്ടാക്കാനാണു സാധ്യത. രണ്ടു മാസത്തെ ബിൽ കണക്കാക്കുമ്പോൾ 500 യൂണിറ്റിൽ അധികം വൈദ്യുതി ഉപയോഗിക്കുന്നവരുടെ സ്ലാബ് മാറും. പ്രതിമാസ കണക്കിൽ ഇത് 250 യൂണിറ്റ് ആണ്. ഒരു മാസം വീട്ടിൽ എന്തെങ്കിലും കാരണത്താൽ വൈദ്യുതി ഉപയോഗം 250 യൂണിറ്റിനു മുകളിൽ ആയാലും ബില്ലിങ് സൈക്കിളിൽ ഉൾപ്പെടുന്ന രണ്ടാമത്തെ മാസത്തിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവു കൂടി കണക്കാക്കുമ്പോൾ ആകെ 500 യൂണിറ്റിൽ താഴെയാണെങ്കിൽ സ്ലാബ് മാറില്ല. പ്രതിമാസ ബില്ലിങ് ഏർപ്പെടുത്തുന്നതോടെ ഓരോ മാസവും മീറ്റർ റീഡിങ് നടക്കുന്നതിനാൽ ഈ ആനുകൂല്യം ലഭിക്കില്ല. രണ്ടു മാസത്തെ വൈദ്യുതി ബിൽ ഒന്നിച്ച് അടയ്ക്കുന്നതിനു പകരം ഓരോ മാസവും ബിൽ വരുന്നതോടെ തുക പകുതിയോളമായി കുറയുന്നതാണ് ഉപയോക്താക്കൾക്കുണ്ടാകുന്ന നേട്ടം.

English Summary:

Electricity Monthly Bill: 2 Paise Increase per Unit Expected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com