കുടുംബപെൻഷൻ: ഉത്തരവ് ഭിന്നശേഷിക്കാർക്ക് തിരിച്ചടി
Mail This Article
തിരുവനന്തപുരം ∙ കുടുംബപെൻഷൻ ലഭിക്കുന്നതിനു വരുമാന പരിധി നിശ്ചയിച്ചുള്ള സർക്കാർ തീരുമാനത്തിൽ വലഞ്ഞ് ഒട്ടേറെ ഭിന്നശേഷിക്കാർ. കഴിഞ്ഞ ജൂലൈയിൽ ധനവകുപ്പ് ഇറക്കിയ ഉത്തരവാണ് ഇവർക്കു കുടുംബ പെൻഷൻ ലഭിക്കുന്നതിനു തിരിച്ചടിയായത്. ഉത്തരവു പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരായ ഒട്ടേറെ കുടുംബ പെൻഷൻകാർ നിവേദനം നൽകിയെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല.
മാതാപിതാക്കൾ മരിച്ചുപോയാൽ മക്കൾക്ക് 25 വയസ്സുവരെ കുടുംബ പെൻഷന് അർഹതയുണ്ട്. എന്നാൽ, അവിവാഹിതരായ പെൺമക്കൾക്കും ഭിന്നശേഷിക്കാരായ മക്കൾക്കും 25 വയസ്സു കഴിഞ്ഞും കുടുംബ പെൻഷൻ കൈപ്പറ്റാം. അവിവാഹിതർക്ക് മറ്റു വഴിക്കുള്ള വാർഷിക വരുമാനം 60,000 രൂപയിൽ കവിയരുതെന്ന നിബന്ധന 2021ൽ നടപ്പാക്കിയിരുന്നു. ഇതു ഭിന്നശേഷിക്കാർക്കും കൂടി ബാധകമാക്കി ജൂലൈയിൽ ഉത്തരവിറക്കി.
മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയ്ക്കുതന്നെ മാസം ആയിരങ്ങൾ ചെലവിടേണ്ടി വരുന്ന അവസ്ഥയാണെന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഭാവിക്കായി പല മാതാപിതാക്കളും ബാങ്കിൽ സ്ഥിരനിക്ഷേപം നടത്താറുണ്ട്. ഇതിന്റെ പലിശ കൊണ്ടാണു ചികിത്സിക്കുന്നത്. വീട്ടു വാടകയിനത്തിലും മറ്റും വരുമാനമുള്ളവരുമുണ്ട്. ഇൗ കാരണം മൂലം പെൻഷൻ നിഷേധിക്കുന്നത് അനീതിയെന്നാണു പരാതി. ഉത്തരവിറങ്ങിയതിനു പിന്നാലെ പല ഭിന്നശേഷിക്കാരുടെയും പെൻഷൻ നിർത്താനുള്ള നീക്കത്തിലാണു സർക്കാർ.