മെമ്മോറാണ്ടം നിർബന്ധമല്ല: പ്രളയത്തിന് കിട്ടി; കവളപ്പാറ, പുത്തുമല ഉരുൾപൊട്ടലിന് ഒന്നുമില്ല
Mail This Article
തിരുവനന്തപുരം ∙ ദുരന്തനിവാരണ സഹായത്തിനായി സംസ്ഥാനങ്ങൾ കേന്ദ്രത്തിനു നൽകുന്ന എല്ലാ മെമ്മോറാണ്ടവും സ്വീകരിക്കപ്പെടണമെന്നില്ല. മെമ്മോറാണ്ടം ഇല്ലാതെയും കേന്ദ്ര സഹായം ലഭിക്കാം. രണ്ട് അനുഭവങ്ങളും കേരളത്തിനുണ്ട്.
2018 ൽ പ്രളയമുണ്ടായപ്പോൾ കേന്ദ്രം ആദ്യ ധനസഹായം പ്രഖ്യാപിച്ചത് മെമ്മോറാണ്ടം ഇല്ലാതെയാണ്. കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇവിടെയുള്ളപ്പോൾ തന്നെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങുമെത്തി. ദുരിതാശ്വാസമായി 500 കോടി രൂപ നൽകുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, നഷ്ടം അതിലും വലുതായതിനാൽ സംസ്ഥാനം മെമ്മോറാണ്ടം തയാറാക്കി 2018 സെപ്റ്റംബറിൽ കേന്ദ്രത്തിനു സമർപ്പിച്ചു. 6000 കോടിയാണ് ആവശ്യപ്പെട്ടത്. ഡിസംബർ 13നു സഹായം അനുവദിച്ചു– നേരത്തേ കേന്ദ്രമന്ത്രി പ്രഖ്യാപിച്ച 500 കോടി കൂടി ചേർത്ത് 2904 കോടി രൂപ.
കവളപ്പാറ, പുത്തുമല ഉരുൾപൊട്ടലുണ്ടായപ്പോൾ 2101 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഒരു രൂപ പോലും ലഭിച്ചില്ല. ഓഖി സമയത്തു മെമ്മോറാണ്ടം നൽകിയപ്പോൾ കേരളത്തിനു കേന്ദ്ര ധനസഹായം ലഭിച്ചിരുന്നു. എന്നാൽ, പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ അതുണ്ടായില്ല. 2012 ൽ വരൾച്ചയ്ക്ക് 19,000 കോടി രൂപയുടെ മെമ്മോറാണ്ടം കൊടുത്തപ്പോൾ 100 കോടി മാത്രമാണു ലഭിച്ചത്.
അടുത്തിടെ വെള്ളപ്പൊക്കമുണ്ടായ സിക്കിമിൽ കേന്ദ്രമന്ത്രി അമിത്ഷാ നേരിട്ട് ആശ്വാസ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തെ പ്രതിനിധീകരിച്ചെത്തുന്ന മന്ത്രിക്ക് ആവശ്യമെങ്കിൽ അപ്പോൾ തന്നെ പ്രഖ്യാപനം നടത്താനാകും. ഇതു കേന്ദ്രത്തിന്റെ സവിശേഷാധികാരമാണ്. വയനാട് സന്ദർശന വേളയിൽ പ്രധാനമന്ത്രിക്കു സഹായം പ്രഖ്യാപിക്കാൻ കഴിയുമായിരുന്നു.
ഏറ്റവുമൊടുവിൽ കേരളത്തിന്റെ മെമ്മോറാണ്ടത്തിനു കേന്ദ്രം തുക അനുവദിക്കുമെന്നു പ്രഖ്യാപിക്കാൻ 3 മാസമെടുത്തു. എന്നാൽ, വയനാടിന്റെ കാര്യത്തിൽ ഒക്ടോബറിനകം തീരുമാനമുണ്ടാകും.
മെമ്മോറാണ്ടത്തിനു മറുപടി നൽകാനും ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാനും എത്രസമയം വേണമെന്നു ഹൈക്കോടതി ചോദിച്ചപ്പോൾ, ആറാഴ്ചയാണു കേന്ദ്രം ആവശ്യപ്പെട്ടത്.