ADVERTISEMENT

തിരുവനന്തപുരം ∙ ദുരന്തവേളകളിൽ കേന്ദ്രസഹായത്തിനു വേണ്ടി സംസ്ഥാനം മെമ്മോറാണ്ടം തയാറാക്കുന്നത് എങ്ങനെയെന്നതിനു പ്രത്യേകം ചട്ടമോ നിയമമോ ഇല്ല. എന്നാൽ, 2012 മുതൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും പിന്തുടർന്നുപോരുന്ന പൊതുമാതൃകയാണ് കേരളവും സ്വീകരിച്ചതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറയുന്നു. 

ഓരോ നഷ്ടത്തിനും സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്നു കേന്ദ്ര മാനദണ്ഡപ്രകാരം ചെലവഴിക്കാവുന്ന തുകയുണ്ട്. അതു മെമ്മോറാണ്ടത്തിൽ രേഖപ്പെടുത്തണം. ഉദാഹരണത്തിന്, ഒരു വീട് നഷ്ടമായാൽ എസ്‍ഡിആർഎഫ് പ്രകാരം കണക്കാക്കുന്ന നഷ്ടം 1.30 ലക്ഷം രൂപയാണ്. ഇവ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ‘എസ്റ്റിമേറ്റുകളാണ്’. എന്നാൽ, യഥാർഥ നഷ്ടം പലമടങ്ങായിരിക്കും. കേന്ദ്ര മാനദണ്ഡത്തിൽ നിഷ്കർഷിക്കാത്ത മറ്റു ചെലവുകളുണ്ട്. 

പ്രതീക്ഷിക്കുന്ന യഥാർഥ ചെലവെന്ന നിലയ്ക്കാണ് ‘ആക്ച്വൽസ്’ എന്ന വിഭാഗത്തിൽ ഇതു രേഖപ്പെടുത്തുന്നത്. മെമ്മോറാണ്ടം തയാറാക്കിയ ഘട്ടത്തിൽ ദുരന്തമേഖലയിലെ പ്രവർത്തനങ്ങൾ അവസാനിക്കാത്തതിനാൽ മതിപ്പു കണക്കായാണ് ‘ആക്ച്വൽസി’നെ എടുക്കുന്നത്. 2018 ലെ പ്രളയത്തിൽ ദുരന്തബാധിതരെ തിരയാനും രക്ഷപ്പെടുത്താനുമുള്ള ‘സേർച് ആൻഡ് റെസ്ക്യൂ’ വിഭാഗത്തിൽ 217 കോടി രൂപയാണു കേരളം മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടത്; ലഭിച്ചത് 70 കോടിയും. തിരച്ചിൽ നടത്തിയ വ്യോമസേന ഒരു വർഷത്തിനുശേഷം നൽകിയത് 102 കോടിയുടെ ബിൽ. ബാക്കി തുക കേരളം നൽകേണ്ടി വന്നു. ഈ വ്യത്യാസം കൂടി മുൻകൂട്ടി കണ്ടാണ് ‘ആക്ച്വൽസ്’ തയാറാക്കുകയെന്ന് അതോറിറ്റി വിശദീകരിച്ചു.

സ്റ്റേറ്റ് റിലീഫ് കമ്മിഷണറാണു സംസ്ഥാനത്തിനു വേണ്ടി മെമ്മോറാണ്ടം സമർപ്പിക്കുക. ഇതു സ്വീകരിക്കുന്നതു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ ദുരന്തനിവാരണ നടപടികൾ കൈകാര്യം ചെയ്യുന്ന അഡീഷനൽ സെക്രട്ടറിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയും ആവശ്യമെങ്കിൽ ദുരന്തനിവാരണത്തിനുള്ള ദേശീയ നിർവാഹക സമിതിയും പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുക. 

ദുരിതാശ്വാസനിധി: പണം ചെലവിട്ടു തുടങ്ങിയില്ല

ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇരയായവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 379 കോടി രൂപ എത്തിയെങ്കിലും ഇതുവരെ ഇൗ ഫണ്ടിൽനിന്നു പണം ചെലവിട്ടു തുടങ്ങിയില്ല. സർക്കാർ ജീവനക്കാരുടെ സാലറി ചാലഞ്ച് വഴിയുള്ള സംഭാവനയുടെ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടുമില്ല. കോവിഡ് കാലത്ത് 1129 കോടി സംഭാവനയായി കിട്ടിയതിൽ 1111 കോടി ചെലവിട്ടിരുന്നു. 2018 ലെയും 2019 ലെയും പ്രളയത്തിനുശേഷം 4970 കോടിയാണു സംഭാവനയായി കിട്ടിയത്. ഇതിൽ 4738 കോടിയും ചെലവിട്ടു. ബജറ്റിലെ വിഹിതം കൊണ്ടാണ് ഇപ്പോൾ വയനാട്ടിലെ ചെലവുകൾ നടത്തുന്നത്.

കണക്ക് പെരുപ്പിച്ച് കാണിച്ചിട്ടില്ല: ചീഫ് സെക്രട്ടറി

മെമ്മോറാണ്ടത്തിലെ കണക്കുകളൊന്നും പെരുപ്പിച്ചുകാണിച്ചിട്ടില്ലെന്നും മെമ്മോറാണ്ടത്തിൽ ആവശ്യമായ പരിശോധന നടത്തിയശേഷം മാത്രമാണു കേന്ദ്രം ധനസഹായം അനുവദിക്കുകയെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വിശദീകരിച്ചു. മെമ്മോറാണ്ടം കൂടി അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനയാണ് ഇതിനകം കേന്ദ്രസംഘം വയനാട്ടിലെത്തി നടത്തിയത്. 

ദുരന്തമുഖത്തെ പ്രവർത്തനങ്ങൾക്കിടെ തയാറാക്കിയ കണക്കുകളായതിനാൽ പ്രതീക്ഷിക്കാവുന്ന ചെലവുകളാണ് ഉൾപ്പെടുത്തിയത്. സംഭവിച്ച നഷ്ടത്തിനു കേന്ദ്രത്തിനു മുന്നിൽ വയ്ക്കുന്ന ‘ക്ലെയിം’ ആണു മെമ്മോറാണ്ടം. കേന്ദ്രം തന്നെ നിർദേശിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചു തയാറാക്കിയതുമാണ്. വലിയ വ്യാപ്തിയുള്ള ദുരന്തം എന്ന നിലയ്ക്ക്, പരമാവധി സഹായം നൽകേണ്ടത് ആവശ്യമാണെന്നും അവർ പറഞ്ഞു.

English Summary:

Memorandum: No specific rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com