വയനാട് ഉപതിരഞ്ഞെടുപ്പ് വൈകാതെ; പുനരധിവാസത്തിൽ കോൺഗ്രസ്, സിപിഎം രാഷ്ട്രീയപ്പോര് കടുക്കും
Mail This Article
തിരുവനന്തപുരം∙ വയനാട് പുനരധിവാസത്തിന്റെ മെമ്മോറാണ്ടത്തിലെ പൊരുത്തക്കേടും സഹായം പ്രഖ്യാപിക്കുന്നതിലെ അലംഭാവവും ചൂണ്ടിക്കാട്ടി സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരെ മണ്ഡലം കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധിച്ചു. പുനരധിവാസം അട്ടിമറിക്കാനും കേന്ദ്ര സഹായം ഇല്ലാതാക്കാനുമുള്ള കള്ളപ്രചാരണം ആരോപിച്ചു ജില്ലാ, ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
കോൺഗ്രസിന്റെ വിപുലമായ സമര പരിപാടികൾ നാളെ കൊച്ചിയിൽ ഡിസിസി പ്രസിഡന്റുമാരെക്കൂടി ഉൾപ്പെടുത്തി നടക്കുന്ന കെപിസിസി ഭാരവാഹി യോഗം ചർച്ചചെയ്യും വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തമാസം മധ്യത്തോടെ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ വിഷയം സജീവമാക്കി നിർത്താൻ യുഡിഎഫും പ്രതിരോധിക്കാൻ എൽഡിഎഫും ആവുന്നത്ര ശ്രമിക്കും. ഡിവൈഎഫ്ഐയും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ജില്ലാ കേന്ദ്രങ്ങളിലും വയനാട് ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിലും 24നാണു സിപിഎമ്മിന്റെ കൂട്ടായ്മ. നാളെ മുതൽ 23 വരെ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും. ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിക്കാത്തതു മറച്ചുവച്ചാണു സംസ്ഥാന സർക്കാരിനെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതെന്നു സെക്രട്ടേറിയറ്റ് വിമർശിച്ചു. കേരളത്തോടൊപ്പം പ്രകൃതി ദുരന്തമുണ്ടായ മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം അനുവദിച്ചപ്പോഴും കേരളത്തെ അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ .