ADVERTISEMENT

കോഴിക്കോട്∙ അരിയിൽ ഷുക്കൂർ വധക്കേസിൽ നിന്നു എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോ എന്നറിയാനാണ് സിപിഎം നേതാവ് പി.ജയരാജൻ കേരളത്തിൽ ഐഎസ് റിക്രൂട്മെന്റ് നടക്കുന്നുണ്ടെന്ന പരാമർശം നടത്തിയതെന്നു മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ഷുക്കൂർ വധക്കേസ് ആർഎസ്എസ്-സിപിഎം ബന്ധത്തിന്റെ തെളിവാണ്. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രധാനമന്ത്രിയുടെ കീഴിലുള്ള പഴ്സനൽ മന്ത്രാലയത്തിനു കത്തയച്ചപ്പോൾ അത് തള്ളിക്കളഞ്ഞു. പിന്നീട് കോടതി ഇടപെടലിലാണ് കേസ് സിബിഐക്ക് വിട്ടത്. കേസിൽ നിന്ന് ഏതെങ്കിലും വിധത്തിൽ രക്ഷപ്പെടാൻ കഴിയുമോ എന്നു നോക്കാനാണ് കഴിഞ്ഞ ദിവസം പി.ജയരാജൻ ഐഎസുമായി ബന്ധപ്പെട്ട പരാമർശം നടത്തിയതെന്നും കെ.എം.ഷാജി പറഞ്ഞു. 

ഐഎസിനെ വിമർശിക്കാൻ പി.ജയരാജന് യോഗ്യതയില്ല. ഐഎസിനേക്കാൾ വലിയ ഭീകര സംഘടനയാണു കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സിപിഎം. ഷുക്കൂർ വധക്കേസിൽ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുൻ എംഎൽഎ ടി.വി.രാജേഷിന്റെയും വിടുതൽ ഹർജി സിബിഐ കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു ഷാജി. 

കൊന്നവരെയല്ല കൊല്ലിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനാണ് ഷുക്കൂർ വധക്കേസിന്റെ തുടക്കം മുതൽ മുസ്‍ലിം ലീഗ് ശ്രമിച്ചത്. കൊല്ലിച്ചവർ കൂടി പ്രതികളായതോടെയാണ് കണ്ണൂരിലെ രാഷ്ട്രീയം ശാന്തമായത്. കേരളത്തിന്റെ ഗതി മാറ്റിയ രണ്ട് വധക്കേസുകളാണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസും അരിയിൽ ഷുക്കൂർ വധക്കേസും. കോടതി ഈ രണ്ടു കേസുകളും വളരെ ഗൗരവത്തോടെ കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kannur CPM is bigger terrorist organization than IS says KM Shaji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com