ADVERTISEMENT

തിരുവനന്തപുരം∙ വയനാട് പുനരധിവാസത്തിനുള്ള കേന്ദ്ര സഹായത്തിനായി സംസ്ഥാനം സമർപ്പിച്ച കണക്കുകൾ സംബന്ധിച്ചു വ്യാജ പ്രചാരണം നടത്തിയ മാധ്യമങ്ങളുടെത് നശീകരണ മാധ്യമ പ്രവർത്തനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്ക് കാട്ടി കേന്ദ്രത്തിൽ നിന്നു പരമാവധി സഹായം നേടിയെടുക്കാൻ തയാറാക്കിയ മെമ്മോറാണ്ടത്തിലെ വിവരങ്ങളാണു ചെലവായ തുകയായി വ്യാഖ്യാനിച്ചത്.

ഓഗസ്റ്റ് ഒന്നിനു ദുരന്ത മേഖലയിലെത്തിയ കേന്ദ്ര സംഘവുമായി ചർച്ച നടത്തി അവരുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണു മെമ്മോറാണ്ടം തയാറാക്കിയത്. ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള നഷ്ടപരിഹാരത്തുക വളരെ കുറവാണ്. സ്ഥലമേറ്റെടുക്കൽ, കുഴിയെടുക്കൽ, അതിനാവശ്യമായ യന്ത്രങ്ങൾ, പോസ്റ്റ്മോർട്ടം, ഡിഎൻഎ പരിശോധന എന്നിവയടക്കമുള്ള ചെലവാണ് ഒരു മൃതദേഹം സംസ്കരിക്കുമ്പോൾ കണക്കാക്കുന്നത്. 

ഒരു കുടുംബത്തിന്റെ വരവ് ചെലവ് കണക്കാക്കുന്ന ലളിത യുക്തിയിലാണു വലിയൊരു ദുരന്തത്തിന്റെ കണക്കുകളെ മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. കേരളത്തിനെതിരായ ദുഷ്പ്രചാരണം എല്ലാ സീമകളും കടന്നു പറന്നു. മലയാളികൾ ലോകത്തിനു മുന്നിൽ അവഹേളിക്കപ്പെട്ടു. രാജ്യവും ലോകവും പ്രകീർത്തിക്കും വിധമുള്ള രക്ഷാപ്രവർത്തനമാണു സംസ്ഥാനം നടത്തിയത്.

എല്ലാ ഭാഗത്തു നിന്നും കേരളത്തിനു പിന്തുണ ലഭിച്ചു. അതു തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണമാണു നടന്നത്. ഏതുവിധേനയും സർക്കാരിനെ അവഹേളിക്കാനുള്ള ത്വരയിൽ ദുരന്തബാധിതരെ അവഹേളിച്ചു. കച്ചവട രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലയിലേക്കു മാധ്യമങ്ങൾ അധഃപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com