എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ നീക്കം ശക്തം; മുഖ്യമന്ത്രി കടുത്ത സമ്മർദത്തിൽ, തീരുമാനം ഇന്നറിയാം
Mail This Article
തിരുവനന്തപുരം ∙ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ മുന്നണിക്കകത്തും പുറത്തും നിലപാട് കടുപ്പിച്ച് രംഗത്തിറങ്ങിയതോടെ, ക്രമസമാധാനച്ചുമതലയിൽ നിന്ന് എഡിജിപി എം.ആർ.അജിത്കുമാറിനെ നീക്കാൻ മുഖ്യമന്ത്രിക്കു മേൽ കടുത്ത സമ്മർദം. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ക്രമസമാധാനച്ചുമതലയിൽ തുടരുന്ന അജിത്കുമാറിന്റെ സംരക്ഷകനായി ചിത്രീകരിക്കപ്പെട്ടതോടെ, അദ്ദേഹത്തെ കൈവിടാൻ മുഖ്യമന്ത്രി തയാറാകുമെന്നാണ് ഘടകകക്ഷികൾ കരുതുന്നത്. എഡിജിപിയെ കേന്ദ്രീകരിച്ചുള്ള വിവാദം പുകയുന്നതിനിടെ, ഇന്ന് 11ന് മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി തീരുമാനിച്ചു. ഇതോടെ അജിത്കുമാറിനെ നീക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ അദ്ദേഹം എന്തുപറയുമെന്ന ആകാംക്ഷയേറി.
-
Also Read
പ്രതിമാസ വൈദ്യുതിബിൽ ഉടൻ: മന്ത്രി
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ അജിത്കുമാറിനെതിരെ നടപടിയെടുക്കൂ എന്ന കടുംപിടിത്തം ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയാറാകുമോയെന്നാണ് സിപിഐ അടക്കമുള്ള കക്ഷികൾ ഉറ്റുനോക്കുന്നത്. അജിത്കുമാറിനെതിരായ ആരോപണങ്ങളിൽ 18 ദിവസം പിന്നിട്ട അന്വേഷണം പൂർത്തിയാക്കാൻ ഡിജിപിക്ക് ഇനി 13 ദിവസം കൂടി സമയമുണ്ട്. അതുവരെ അജിത്കുമാറിനു മുഖ്യമന്ത്രി സംരക്ഷണകവചമൊരുക്കുന്നത് മുന്നണിക്കാകെ ക്ഷീണം ചെയ്യുമെന്ന നിലപാടിലാണ് സിപിഐ. സമ്മർദമേറുന്ന സാഹചര്യത്തിൽ അന്വേഷണം വേഗത്തിലാക്കാൻ ആഭ്യന്തര വകുപ്പ് ഡിജിപിക്കു നിർദേശം നൽകിയിട്ടുണ്ട്.
ഈ മാസം 13നു പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അജിത്കുമാറിനെ ഡിജിപി ചോദ്യംചെയ്തിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ഡിജിപി അന്ന് ചോദിച്ചിരുന്നില്ല. വരുംദിവസങ്ങളിൽ അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യുമെന്നാണു വിവരം. മലപ്പുറത്തെ സ്വർണംപൊട്ടിക്കൽ സംഘത്തെ സഹായിച്ചു, റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിലെ അന്വേഷണം അട്ടിമറിച്ചു എന്നിവയടക്കം പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളും ഡിജിപി പരിശോധിക്കുന്നുണ്ട്. ഇൗ കേസുകളുമായി ബന്ധപ്പെട്ടവരുടെ മൊഴി അന്വേഷണ സംഘം വൈകാതെ രേഖപ്പെടുത്തും. ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അൻവറിന്റെ മൊഴി എടുത്തിരുന്നു.
വിജിലൻസ് സംഘത്തെ ജോൺകുട്ടി നയിക്കും
എഡിജിപി: അജിത്കുമാറിനും മുൻ എസ്പി സുജിത്ദാസിനുമെതിരായ വിജിലൻസ് അന്വേഷണം തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 എസ്പി: ജോൺകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തും. ഡിവൈഎസ്പി ഷിബു പാപ്പച്ചൻ, സിഐ: കിരൺ തുടങ്ങിയവരുൾപ്പെട്ടതാണു സംഘം. അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി, സ്വർണക്കടത്ത് എന്നിവയടക്കമുള്ള പരാതികളിലുള്ള അന്വേഷണം പൂർത്തിയാക്കാൻ 6 മാസമാണുള്ളത്.