തദ്ദേശ–കൃഷി വകുപ്പുകൾ തമ്മിൽ തർക്കം: ശുചിമുറി മാലിന്യ സംസ്കരണത്തിന് ബദൽ മാർഗം തേടി കൃഷിവകുപ്പ്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന്റെ പേരിൽ തദ്ദേശ – കൃഷി വകുപ്പുകൾ തമ്മിൽ തർക്കം. കൃഷി വകുപ്പിന്റെ ഫാമുകളിൽ സ്ഥലം കണ്ടെത്തണമെന്ന് തദ്ദേശ വകുപ്പിന്റെ നിർദേശത്തെ കൃഷി വകുപ്പ് തള്ളി.
എതിർപ്പുയർന്ന സാഹചര്യത്തിൽ കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥലം കണ്ടെത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകാനാണ് തീരുമാനം. സംസ്ഥാനത്ത് ആധുനിക സംവിധാനങ്ങളോടെ ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കൃഷി വകുപ്പിന്റെ ഫാമുകളിൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാമെന്ന അഭിപ്രായം തദ്ദേശ വകുപ്പ് മുന്നോട്ടുവച്ചത്. സംസ്കരിച്ച ശേഷമുള്ള അവശിഷ്ടങ്ങളും വെള്ളവും കൃഷിക്കായി പ്രയോജനപ്പെടുത്താമെന്നായിരുന്നു വാദം.
ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം 9ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഓൺലൈൻ യോഗത്തിൽ കൃഷി വകുപ്പ് ഇതിനെ എതിർത്തു. കൃഷി വകുപ്പിന്റെ ഫാമുകളിൽ പ്ലാന്റ് സ്ഥാപിക്കുന്നതാണ് ഉചിതമെന്ന മന്ത്രി എം.ബി.രാജേഷിന്റെയും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെയും അഭിപ്രായത്തെ മന്ത്രി പി.പ്രസാദുൾപ്പെടെ തള്ളി.സംസ്കരണ പ്ലാന്റിൽ നിന്നുള്ള അവശിഷ്ടവും മറ്റും കൃഷിക്ക് അനുയോജ്യമല്ലെന്നും കൃഷി വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥലം കണ്ടെത്താനാകുമോ എന്നു പരിശോധിക്കാമെന്നും അവർ അറിയിച്ചു. മുഖ്യമന്ത്രിയും ഇതിനോടു യോജിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് തയാറാക്കാൻ കൃഷി സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് കൺവീനറായി 5 അംഗ സമിതിയെ നിയോഗിച്ച് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.അശോക് ഉത്തരവിറക്കി. തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി.അനുപമയും സമിതിയിൽ അംഗമാണ്.