പിഎസ്‍സി അംഗത്വത്തിനു കോഴ: നൽകിയത് കണ്ണൂരിലെ ഒരാൾക്ക്
Mail This Article
കോഴിക്കോട് ∙ പിഎസ്‍സി അംഗത്വത്തിനു കോഴ വാങ്ങിയെന്ന ആരോപണത്തിനു പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയെന്നു തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്ത്. നിയമനത്തിന് യഥാർത്ഥത്തിൽ പണം നൽകിയത് കണ്ണൂരിലെ ഒരു വ്യക്തിക്കാണെന്നും സംഭവത്തിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി അംഗം, പ്രദേശത്തെ വനിത നേതാവ്, സിപിഎം കൗൺസിലർ എന്നിവർ ചേർന്നു ആരോപണം വഴി തിരിച്ചു വിടുകയായിരുന്നെന്നും പരാതിക്കാരൻ വ്യക്തമാക്കുന്ന സംഭാഷണമാണ് പുറത്തു വന്നത്.
സത്യാവസ്ഥ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സംഭാഷണം ഉൾപ്പെടെ പ്രമോദ് കോട്ടൂളി സിപിഎം നേതൃത്വത്തിന് കൈമാറിയെന്നാണു വിവരം. സംഭാഷണം നടന്നതായി പ്രമോദ് സ്ഥിരീകരിച്ചെങ്കിലും പരാതിക്കാരൻ പ്രതികരിക്കാൻ തയാറായിട്ടില്ല.
ചേവായൂരിലെ ഡോക്ടർക്കു പിഎസ്‍സി അംഗത്വം വാങ്ങിക്കൊടുക്കാൻ സിപിഎം ടൗൺ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോഴ വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എംഎൽഎമാരായ സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകൾ കൂടി ഇതിനായി ഉപയോഗിച്ചെന്ന് ആരോപണം ഉയർന്നതോടെ സിപിഎം അന്വേഷണ കമ്മിഷനെ വച്ചു.
ഈ അന്വേഷണത്തെ തുടർന്നു പ്രമോദിനെ പാർട്ടിയിൽ നിന്നു പുറത്താക്കുകയായിരുന്നു. താൻ പണം വാങ്ങിയെങ്കിൽ എപ്പോൾ, എവിടെ വച്ച് എന്നു തെളിയിക്കണമെന്നാവശ്യപ്പെട്ട് പ്രമോദ് അമ്മയ്ക്കൊപ്പം പരാതിക്കാരന്റെ വീടിനു മുന്നിൽ സത്യഗ്രഹമിരുന്നിരുന്നു. ഈ സംഭവത്തിനു ശേഷം പരാതിക്കാരന്റേതായ സംഭാഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇതിൽ പറയുന്നത് ഇങ്ങനെയാണ് ‘‘ സിപിഎം കൗൺസിലറും പ്രദേശത്തെ വനിതാ നേതാവും ചേർന്നാണ് പ്രമോദ് കോട്ടൂളി പണം വാങ്ങിയെന്ന ആരോപണം കെട്ടിച്ചമച്ചത്. ഭാര്യയുടെ ജോലി ആവശ്യത്തിനായി ഒരാൾക്ക് പണം നൽകിയ കാര്യം വനിതാ നേതാവിനോടു പറഞ്ഞിരുന്നു. ഇതു പ്രമോദിന്റെ പേരിലേക്ക് വഴി തിരിച്ചു വിട്ടു. ഗൂഢാലോചനയിൽ സിപിഎം ജില്ല കമ്മിറ്റി അംഗവുമുണ്ടായിരുന്നു.
ഇദ്ദേഹത്തിന്റെ ബാങ്കിൽ യോഗം ചേർന്നാണു ഗൂഢാലോചന നടത്തിയത്. ഭാര്യക്കു ദേശീയ ആരോഗ്യമിഷൻ വഴി ജോലി ശരിയാക്കി തരാമെന്നു വിശ്വസിപ്പിച്ചു. നമ്പർ ലഭിക്കാത്ത തന്റെ കെട്ടിടത്തിന് കോർപറേഷനിൽ നിന്നു നമ്പർ സംഘടിപ്പിച്ചു തരാമെന്നു കൗൺസിലർ വാഗ്ദാനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗമാണ് പാർട്ടി നേതാക്കൾക്കു മുന്നിൽ തന്റെ പണം നഷ്ടപ്പെട്ട കാര്യം അവതരിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫിസറെ കാണാനെന്നു തെറ്റിദ്ധരിപ്പിച്ചാണ് തന്നെ പാർട്ടി നേതാക്കൾക്കു മുൻപിൽ ഇവർ ഹാജരാക്കിയത്.
ഇത്തരമൊരു പരാതിക്കു വേണ്ടിയാണു തന്നെ കൊണ്ടു പോകുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ പോകില്ലായിരുന്നു. ഇവരുടെ സമ്മർദത്തിനും ഭീഷണിക്കും വഴി ഗത്യന്തരമില്ലാതെ അവർ പറഞ്ഞതെല്ലാം സമ്മതിക്കേണ്ടി വന്നു’’. ജീവനു ഭീഷണിയുണ്ടെന്നും പലതും പുറത്തു പറയാൻ കഴിയാത്ത സാഹചര്യമാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. പരാതിക്കാരനെയും ഭാര്യയെയും കോഴിക്കോട് കമ്മിഷണർ ഓഫിസിൽ മൊഴിയെടുക്കാനായി വിളിപ്പിച്ചുവെന്നും രാത്രി 10 വരെ മൊഴിയെടുത്തുവെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.
പണം കൊണ്ടു പോയത് ആര്?
മംഗലാപുരത്തു ജോലി ചെയ്യുന്ന ഭാര്യ ഹോമിയോ വകുപ്പിലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജോലി കിട്ടിയാൽ കുടുംബത്തോടൊപ്പം നാട്ടിൽ നിൽക്കാമെന്ന ആഗ്രഹം കൊണ്ടാണ് ജോലിക്കു വേണ്ടി ശ്രമിച്ചത്. ഇതിനായി കണ്ണൂരിലെ ഒരു വ്യക്തിക്കു പണം നൽകി. പക്ഷേ ജോലി കിട്ടിയില്ല.ഈ പണം നഷ്ടമായി.
നഷ്ടമായ പണം പ്രമോദ് കോട്ടൂളി നടത്തിത്തരാമെന്നേറ്റ ഒരു സ്ഥലം ഇടപാടിലൂടെ തിരിച്ചു കിട്ടുമെന്നു വനിതാ നേതാവിനോടു പറഞ്ഞിരുന്നു. ഇതാണു പണം വാങ്ങിയതു പ്രമോദാണെന്ന തരത്തിലേക്കു വഴി തിരിച്ചു വിട്ടതെന്നാണ് പരാതിക്കാരന്റെ സംഭാഷണം.ആരോഗ്യമന്ത്രിയുടെ ഓഫിസിലെ സ്വാധീനം ഉപയോഗിച്ചു ജോലി വാങ്ങിത്തരാമെന്നേറ്റു പണം തട്ടിയെടുത്ത് ആരാണെന്നു സംഭാഷണത്തിൽ വ്യക്തമാക്കുന്നില്ല.