പൂരം അട്ടിമറി: മറ്റൊരു ഉദ്യോഗസ്ഥൻ അന്വേഷിക്കാൻ സിപിഐ ആവശ്യപ്പെട്ടേക്കും
Mail This Article
തിരുവനന്തപുരം ∙ പൂരം അലങ്കോലമായതിനെക്കുറിച്ച് എഡിജിപി എം.ആർ.അജിത്കുമാറിനു പകരം മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യം സിപിഐ ഇടതുമുന്നണിയിൽ ഉന്നയിച്ചേക്കും. ആരോപണവിധേയനായ അജിത്കുമാർ തന്നെ അന്വേഷണം നടത്തുകയും ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.
ബാഹ്യ ഇടപെടലുണ്ടായെന്ന ഉറച്ച നിലപാടിലാണ് തൃശൂരിലെ സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാറും സിപിഐ തൃശൂർ ജില്ലാ നേതൃത്വവും. എന്നാൽ, സംസ്ഥാന നേതൃത്വം ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാഹ്യ ഇടപെടൽ സംബന്ധിച്ച തെളിവുകൾ സുനിലിൽനിന്ന് തേടുമെന്നും അക്കാര്യം ബോധ്യപ്പെട്ടാൽ അജിത്കുമാറിനെ മാറ്റിനിർത്തിയുള്ള അന്വേഷണം ആവശ്യപ്പെടുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ചു വ്യക്തത ലഭിച്ച ശേഷമാകും ഇക്കാര്യത്തിൽ പാർട്ടിയുടെ തുടർനീക്കങ്ങൾ.
അതേസമയം, പൂരം കലങ്ങിയതുകൊണ്ടു മാത്രമാണു സുനിൽകുമാർ തോറ്റതെന്ന വാദം അംഗീകരിക്കാനാവില്ലെന്നു പാർട്ടിയിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. തൃശൂരിൽ ബിജെപിയുടെ തന്ത്രങ്ങളും ആസൂത്രണവും മനസ്സിലാക്കുന്നതിൽ സുനിൽകുമാറിനും ജില്ലാ നേതൃത്വത്തിനും വീഴ്ചയുണ്ടായെന്നാണ് ഇവരുടെ നിലപാട്.