തൃശൂർ പൂരം: മുന്നറിയിപ്പ് കമ്മിഷണർ അവഗണിച്ചു; പരിചയസമ്പന്നരായ പൊലീസുകാരെയും
Mail This Article
തൃശൂർ ∙ കേട്ടുകേൾവിയില്ലാത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ പൂരം കലങ്ങാൻ സാധ്യതയുണ്ടെന്നു പൂരത്തലേന്നു കീഴുദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയെങ്കിലും ‘സുരക്ഷ കർശനമാക്കാൻ മുകളിൽനിന്നു നിർദേശമുണ്ടെന്ന’ പേരിൽ കമ്മിഷണർ അവഗണിച്ചെന്ന ചർച്ച പൊലീസ് സേനയിൽ വീണ്ടും സജീവമായി. നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്ന് എസിപി, ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരിൽ ചിലർ ചൂണ്ടിക്കാട്ടിയെങ്കിലും മുഖവിലയ്ക്കെടുത്തില്ല. പൂരത്തിനു പതിവായി സുരക്ഷയൊരുക്കി അനുഭവസമ്പത്തുള്ളവരെ ഡ്യൂട്ടിക്കു നിയോഗിച്ചതുമില്ല.
-
Also Read
അവഗണനയുടെ പൂരം; സിപിഐ കലക്കത്തിൽ
പൂരത്തലേന്നു നടത്തിയ ഡ്യൂട്ടി ബ്രീഫിങ്ങിനു ശേഷം കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം തെക്കേഗോപുരനടയിൽ ബാരിക്കേഡും വടവും കെട്ടി നടത്തിയ ‘ട്രയലും’ കേട്ടുകേൾവിയില്ലാത്ത സംഭവമായി. ഇതിന്റെ ആവശ്യമെന്തെന്നു ചോദിച്ചവർക്ക് ഉത്തരം ലഭിച്ചതുമില്ല.
പൂരപ്രേമികൾക്കുമേൽ അമിത നിയന്ത്രണം പ്രയോഗിക്കാതെയാണു പതിവായി പൊലീസ് സുരക്ഷ ഏകോപിപ്പിച്ചിരുന്നത്. പല സെക്ടറുകളായി തിരിച്ചു സുരക്ഷാസേനയെ നിയോഗിക്കുമെങ്കിലും ജനത്തിനുമേൽ അനാവശ്യ ബലപ്രയോഗമരുതെന്നു നിർദേശിക്കാറുണ്ട്.
ഇത്തവണ പൂരത്തിനു മൂവായിരത്തിലേറെ പൊലീസുകാരുണ്ടായിരുന്നിട്ടും നഗരം മുഴുവൻ ബാരിക്കേഡുകളാൽ അടച്ചു. ജനത്തെ ‘കൈകാര്യം ചെയ്യാൻ’ മേലുദ്യോഗസ്ഥർ തന്നെ ഇറങ്ങി. കമ്മിഷണറെ നിയന്ത്രിക്കാനും ശാസിക്കാനും അധികാരമുള്ള 3 ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൂരനഗരിക്കു സമീപം മുഴുവൻ സമയവും ഉണ്ടായിരുന്നെങ്കിലും ഇവരാരും തർക്കങ്ങളിൽ ഇടപെട്ടില്ല.