ADVERTISEMENT

കോഴിക്കോട് ∙ പിഴവുകൾ മൂലം പിൻവലിക്കേണ്ടി വന്ന റാങ്ക് പട്ടികകളെക്കുറിച്ചു മൗനം പാലിച്ച് പിഎ‍സ്‍സി. ഈ വർഷം ചില പ്രധാന പട്ടികകൾ പിഴവുകൾ മൂലം പിൻവലിച്ചു പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തിൽ പിൻവലിക്കപ്പെട്ട റാങ്ക് പട്ടികകൾ സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴാണ്, ക്രോഡീകരിച്ചു സൂക്ഷിക്കാത്തതിനാൽ വിവരം നൽകാൻ നിർവാഹമില്ലെന്നു പി എസ്‌സി മറുപടി നൽകിയത്. 

2021 മുതൽ 2024 വരെ വിവിധ തസ്തികകളിലേക്കായി പ്രസിദ്ധീകരിച്ച പട്ടികകളിൽ പിഴവുകൾ മൂലം പിൻവലിക്കുകയും പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തവ ഏതൊക്കെയെന്നായിരുന്നു ചോദ്യം. ഓഫിസ് ആവശ്യത്തിനായി ക്രോഡീകരിച്ചു സൂക്ഷിക്കാത്തതിനാൽ വിവരം നൽകാൻ നിർവാഹമില്ലെന്നാണു പിഎസ്‍സിയുടെ മറുപടി.

കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ സബ് ഇൻസ്പെക്ടർ സാധ്യതാപട്ടികയിൽ, കായികക്ഷമത പരീക്ഷയിൽ പങ്കെടുക്കാത്തവരും തോറ്റവരും വരെ ഉൾപ്പെട്ടിരുന്നു. പരാതി വന്നതോടെ പട്ടിക പിൻ‌വലിച്ച് സൂക്ഷ്മപരിശോധനയ്ക്കു ശേഷം 548 പേരെ ഒഴിവാക്കി പുനഃപ്രസിദ്ധീകരിച്ചു. ഏപ്രിലിലെ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിലും സമാനപിഴവു സംഭവിച്ചിരുന്നു. കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട 12 പേരാണ് അന്തിമ പട്ടികയിൽ കയറിക്കൂടിയത്. ഗുരുതര പിശകു സംഭവിച്ചതായി പിഎസ്‌സിയുടെ തന്നെ റാങ്ക് ലിസ്റ്റ് പരിശോധനാസംഘം കണ്ടെത്തിയതിനെ തുടർന്ന് അനർഹരെ ഒഴിവാക്കി ജൂലൈ 2നു തിരുത്തൽ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.

ഒരേ വർഷം രണ്ടു പ്രധാന തസ്തികകളിലെ പരീക്ഷകളിൽ ഗുരുതര പിഴവുണ്ടായിട്ടും വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന പിഎസ്‌സിയുടെ നിലപാട് ദുരൂഹമാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com