എഡിജിപിക്കെതിരായ അന്വേഷണം: ഡിജിപിയുടെ റിപ്പോർട്ട് ഈയാഴ്ച
Mail This Article
തിരുവനന്തപുരം ∙ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഇടത് എംഎൽഎ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ ആഴ്ച സർക്കാരിനു റിപ്പോർട്ട് നൽകും. ഇതുവരെ നടത്തിയ അന്വേഷണത്തിലെ വിവരങ്ങൾ വ്യാഴാഴ്ചയ്ക്കകം കൈമാറാൻ സംഘത്തിലെ 3 അംഗങ്ങൾക്കും ഡിജിപി നിർദേശം നൽകി. അതു ക്രോഡീകരിച്ച് അടുത്ത 2 ദിവസത്തിനകം സർക്കാരിനു കൈമാറാനാണ് ആലോചന. റിപ്പോർട്ട് സമർപ്പിക്കാൻ ഒക്ടോബർ 3 വരെ സമയമുണ്ടെങ്കിലും വൈകിക്കേണ്ടതില്ലെന്നാണു ഡിജിപിയുടെ തീരുമാനം.
സിപിഐയും പ്രതിപക്ഷവുമെല്ലാം ഉറ്റുനോക്കുന്ന ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അജിത്കുമാർ ക്രമസമാധാനച്ചുമതലയിൽ തുടരണോ വേണ്ടയോ എന്നു മുഖ്യമന്ത്രി തീരുമാനിക്കുക. മാറ്റിയാൽത്തന്നെ തീരുമാനം തന്റേതു മാത്രമാണെന്നും സിപിഐയുടെ ഭീഷണിക്കും പരസ്യ ആവശ്യങ്ങൾക്കും വഴങ്ങില്ലെന്നുമുള്ള സന്ദേശവും അതിലൂടെ നൽകുകയാണു മുഖ്യമന്ത്രിയുടെ ലക്ഷ്യം.
വാർത്താസമ്മേളനത്തിൽ, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ ന്യായീകരിക്കുകയും അൻവറിനെ തള്ളുകയും ചെയ്യുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതോടെ അജിത്കുമാറിനെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ പരുങ്ങലിലായി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് എന്നിവരടക്കം 4 പേരാണു ഡിജിപിയുടെ സംഘത്തിലെ അംഗങ്ങൾ. ഇവർ 2 പേരും അജിത്തിനു നേരിട്ടു റിപ്പോർട്ട് ചെയ്യുന്നവരാണ്.
അൻവർ അജിത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളും അതെല്ലാം അന്വേഷിക്കണമെന്ന അജിത്തിന്റെ കത്തും അടിസ്ഥാനമാക്കിയാണു സർക്കാർ ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി അജിത്തിനെ പൊലീസ് ആസ്ഥാനത്തു വരുത്തി ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തിരുന്നു. പി.വി.അൻവറിന്റെ മൊഴിയും 2 തവണ രേഖപ്പെടുത്തി.