ADVERTISEMENT

തിരുവനന്തപുരം ∙ തീരനിയന്ത്രണമേഖലയിലെ നിർമാണ നിരോധന മേഖല സോൺ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും വേലിയേറ്റ രേഖയിൽനിന്ന് 500 മീറ്റർ വരെ നിർമാണത്തിനു നിയന്ത്രണമുണ്ടാകും. 9 മീറ്ററിൽ അധികം ഉയരമുള്ളതോ, 2 നിലയിൽ അധികമുള്ളതോ ആയ കെട്ടിടങ്ങൾ ഇവിടെ നിർമിക്കാൻ അനുമതിയില്ല.

സോൺ 3 എയിൽ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ വരെയും സോൺ 3 ബി യിൽ 200 മീറ്റർ വരെയും ഒരു നിർമാണവും പാടില്ല (നോൺ ഡവലപ്മെന്റ് സോൺ) എന്നതിനു പുറമേയാണ് വേലിയേറ്റ രേഖയിൽനിന്ന് 500 മീറ്റർ വരെയുള്ള നിയന്ത്രണം. കടൽ, കായൽ, ലവണാംശം കൂടുതലുള്ള പുഴ എന്നിവയുമായി തൊട്ടുകിടക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്കു മാത്രമാണു സിആർസെഡ് ബാധകം. 

സിആർസെഡ് 2019ന്റെ ഭാഗമായി വിവിധ സോണുകളും പ്രത്യേകതകളും അറിയാം:

∙ സിആർ സെഡ് 1 എ: പാരിസ്ഥിതിക ദുർബല പ്രദേശം. കണ്ടൽ, പവിഴപ്പുറ്റ് തുടങ്ങിയ 12 പ്രദേശങ്ങൾ ഉൾപ്പെടും.

∙ സിആർസെഡ് 1 ബി: വേലിയേറ്റ രേഖയ്ക്കും വേലിയിറക്ക രേഖയ്ക്കും ഇടയിലുള്ള തീരം.

അനുവദനീയം: ഇക്കോ ടൂറിസം, ട്രീ ഹട്ട്, പൊതു ആവശ്യത്തിനുള്ള റോഡ്, പാലം, ഫ്ലോട്ടിങ് പാലം, മത്സ്യസംസ്കരണ യൂണിറ്റ്, ഫിഷ് ലാൻഡിങ് കേന്ദ്രം, ജെട്ടി, തുറമുഖം.

നിയന്ത്രണം: സ്ഥിരം നിർമാണങ്ങൾ പാടില്ല

∙ സിആർസെഡ് 2: തീരപ്രദേശമുള്ള നഗരങ്ങൾ. നഗരസഭകളും നഗരസ്വാഭാവമുള്ള പഞ്ചായത്തുകളും ഉൾപ്പെടുന്നു. ഇവിടെ നോൺ ഡവലപ്മെന്റ് സോൺ ഇല്ല

അനുവദനീയം: 1991നു മുൻപുള്ള കെട്ടിടം, റോഡ് എന്നിവയുടെ കരഭാഗത്തു പുതിയ നിർമാണമാകാം. കെട്ടിടമാണെങ്കിൽ നമ്പർ വേണം, റോഡാണെങ്കിൽ തദ്ദേശസ്ഥാപനത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉണ്ടാകണം. ടൂറിസത്തിന്റെ ഭാഗമായ താൽക്കാലിക നിർമിതികൾക്ക് ഇതു ബാധകമല്ല. 

നിയന്ത്രണം: വേലിയേറ്റ രേഖയിൽനിന്ന് 500 മീറ്റർ ദൂരത്ത് 9 മീറ്ററിലധികം ഉയരമുള്ള കെട്ടിടം പാടില്ല

∙ സിആർസെഡ് 3 എ: 2011ലെ സെൻസസ് പ്രകാരം ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 2161 ൽ കൂടുതലുള്ള പഞ്ചായത്ത്. നോൺ ഡവലപ്മെന്റ് സോൺ 50 മീറ്റർ. 

അനുവദനീയം: എൻഡിസെഡിൽ മത്സ്യത്തൊഴിലാളികൾക്കു വീട് പുതുക്കിപ്പണിയാം. അവരുടെ ആവശ്യത്തിനുള്ള ആശുപത്രി, സ്കൂൾ, ഐസ് പ്ലാന്റ് തുടങ്ങിയവയാകാം. ടൂറിസത്തിന്റെ ഭാഗമായി താൽക്കാലിക ശുചിമുറി, നടപ്പാത, ഇരിപ്പിടം, ചേഞ്ച് റൂം തുടങ്ങിയവയാകാം.

നിയന്ത്രണം: എൻഡിസെഡിൽ മത്സ്യത്തൊഴിലാളികളല്ലാത്ത ആർക്കും വീടു നിർമിക്കാനോ, പുതുക്കിപ്പണിയാനോ അനുമതിയില്ല. റിസോർട്ടുകൾക്ക് അനുമതിയില്ല. 500 മീറ്റർ വരെ 9 മീറ്ററിലധികം ഉയരമുള്ള കെട്ടിടം പാടില്ല.

∙ സിആർസെഡ് 3 ബി: 2011 ലെ സെൻസസ് പ്രകാരം ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 2161 ൽ കൂടുതലുള്ള പഞ്ചായത്ത്. എൻഡിസെഡ് 200 മീറ്റർ. 

അനുവദനീയം: എൻഡിസെഡിൽ സിആർസെഡ് 3 എയിൽ അനുവദനീയമായതെല്ലാം

നിയന്ത്രണം: സിആർസെഡ് 3 എയിലെ നിയന്ത്രണങ്ങളെല്ലാം 

∙ സിആർസെഡ് 4എ: വേലിയിറക്ക രേഖയിൽനിന്നു കടലിലേക്ക് 12 നോട്ടിക്കൽ മൈൽ വരെയുള്ള പ്രദേശം. ഡ്രജിങ് ഉൾപ്പെടെയുള്ളവയ്ക്ക് പ്രത്യേക അനുമതി വേണം. 

∙ സിആർസെഡ് 4 ബി: കായൽ, ലവണാംശം 5 പിപിടിയിൽ (പാർട്സ് പെർ തൗസൻഡ്) അധികമുള്ള പുഴ തുടങ്ങിയ ജലാശയങ്ങൾ. അനുമതിയോ, നിയന്ത്രണമോ നിശ്ചയിക്കുന്നത് ഈ ജലാശയം നഗരസഭയിൽ വരുന്നോ, പഞ്ചായത്തിൽ വരുന്നോ എന്നതു കണക്കാക്കിയാണ്.

തീരപരിപാലന പ്ലാൻ അനുസരിച്ച് മാത്രം ഇനി നിർമാണ അനുമതി 

തിരുവനന്തപുരം ∙ 2019 ലെ സിആർസെഡ് (തീരപരിപാലന മേഖല) വിജ്ഞാപനത്തിന് അനുസൃതമായി കേരളം തയാറാക്കിയ തീരപരിപാലന പ്ലാൻ കേന്ദ്രം അംഗീകരിച്ചതോടെ ഇനി മുതലുള്ള എല്ലാ അപേക്ഷകളും സിആർസെഡ് 2019 അനുസരിച്ചാകും തദ്ദേശസ്ഥാപനങ്ങൾ പരിഗണിക്കുക. കഴിഞ്ഞദിവസം  ചേർന്ന യോഗത്തിന്റെ മിനിറ്റ്സ് ഉൾപ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് വരേണ്ട താമസമേയുള്ളൂ.

തദ്ദേശസ്ഥാപനങ്ങൾക്കു വേണ്ടി പ്ലാനിന്റെ അളവുകോലിൽ ചില സാങ്കേതിക മാറ്റം വരുത്തേണ്ടതുണ്ട്.  നഗരസ്വഭാവമുള്ള 66 പഞ്ചായത്തുകൾക്ക് സിആർസെഡ് 3ൽനിന്നു സിആർസെഡ് 2ലേക്കു മാറ്റം അനുവദിച്ചതിൽ അഞ്ചെണ്ണത്തിന് ഒഴികെ സിആർസെഡ് 2ലെ ആനുകൂല്യം  ലഭിക്കും.  അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, തിരുവനന്തപുരം കരുംകുളം, ചിറയിൻകീഴ്, കോട്ടുകാൽ പഞ്ചായത്തുകളിൽ ആണവധാതുശേഖരമുള്ളതായി  കണ്ടെത്തിയിരിക്കുന്ന പ്രദേശം ഒഴികെ സിആർസെഡ് 2 ആയിരിക്കും ബാധകമാവുകയെന്നു ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം വ്യക്തമാക്കി.

സിആർസെഡ് വിജ്ഞാപനം 2011ൽ നിന്ന് 2019 നടപ്പാകുമ്പോഴുള്ള പ്രധാന മാറ്റം:

2011: പഞ്ചായത്തുകളെല്ലാം സിആർസെഡ് 3ൽ. 200 മീറ്റർ വരെ നോൺ ഡവലപ്മെന്റ് സോൺ.

2019: ജനസാന്ദ്രത അനുസരിച്ചു പഞ്ചായത്തുകളെ 3 എ, ബി സോണുകളാക്കി. 3 എയിൽ 50 മീറ്റർ മാത്രം നോൺ ഡവലപ്മെന്റ് സോൺ, 3 ബിയിൽ 200 തന്നെ. 

2011: സിആർസെഡ് 2ൽ നഗരസഭകൾ മാത്രം.

2019: നഗരസഭകൾക്കു പുറമേ, നഗരസ്വഭാവമുള്ള 66 പഞ്ചായത്തുകളും സിആർസെഡ് 2ൽ.

2011: പൊതു, സ്വകാര്യ കണ്ടൽക്കാടുകൾക്കെല്ലാം 50 മീറ്റർ ബഫർ സോൺ.

2019: സ്വകാര്യ കണ്ടൽക്കാടിനു ബഫർ സോൺ ഇല്ല, പൊതു കണ്ടൽക്കാട് 1000 ചതുരശ്രമീറ്ററിലധികമെങ്കിൽ 50 മീറ്റർ ബഫർ സോൺ.

2011: കായൽ, ലവണാംശം കൂടുതലുള്ള പുഴ എന്നിവയുടെ തീരങ്ങളിൽ പരമാവധി 100 മീറ്റർ ബഫർ സോൺ.

2019: ഇവിടെ പരമാവധി 50 മീറ്റർ ബഫർ സോൺ.

2011: കായൽ ദ്വീപിന് 50 മീറ്റർ ബഫർ സോൺ.

2019: കായൽ ദ്വീപിന് 20 മീറ്റർ ബഫർ സോൺ.

2011: നോൺ ഡവലപ്മെന്റ് സോണിൽ ഒരു ടൂറിസം പ്രവർത്തനവും പാടില്ല.

2019: ഇക്കോ ടൂറിസം പ്രവർത്തനവും ടൂറിസത്തിനുവേണ്ടിയുള്ള താൽക്കാലിക നിർമാണവുമാകാം.

English Summary:

Ban on construction up to 500 meters from high tide line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com