തീര പരിപാലന നിയമം: ദ്വീപുകളുടെ കാര്യത്തിൽ അവ്യക്തത
Mail This Article
കൊച്ചി ∙ 6 വർഷത്തെ കാത്തിരിപ്പിനു ശേഷം തീരപരിപാലന പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും സംസ്ഥാനത്തെ 1035 ദ്വീപുകളിൽ 2019 ലെ നിയമം നടപ്പാക്കുന്നതിൽ അനിശ്ചിതത്വം.
ഓരോ ദ്വീപിനും പ്രത്യേകം മാനേജ്മെന്റ് പ്ലാൻ തയാറാക്കണമെന്ന് 2019 ലെ നിയമത്തിൽ പറയുന്നു. ഇതേ ദ്വീപുകൾ തന്നെ നിയമത്തിന്റെ 2, 3 വിഭാഗങ്ങളിലും ഉൾപ്പെടുമ്പോൾ കോടതിയും ഉദ്യോഗസ്ഥരും എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നതു പ്രധാനമാണ്. 1035 ദ്വീപുകൾക്കും പ്രത്യേകം പ്ലാൻ തയാറാക്കുക അസാധ്യമാണെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സർക്കാർ അറിയിച്ചിരുന്നു.
ദ്വീപുകളുടെ പ്ലാൻ തയാറാക്കാൻ മാസങ്ങൾക്കു മുൻപു ചെന്നൈയിലെ നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റിനെ കേരളം ഏൽപിച്ചിട്ടുണ്ട്. അവർ പ്ലാൻ നൽകിയാൽ മാത്രമേ ദ്വീപുകളുടെ 50 മീറ്റർ ബഫർ സോൺ എന്നത് 20 മീറ്ററാക്കി കുറയ്ക്കാൻ കഴിയൂ. 2019 നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 20 മീറ്റർ ആനുകൂല്യം മുൻകൂട്ടി കണ്ട് ഒട്ടേറെ വീടുകൾക്ക് നിർമാണാനുമതി നൽകിയിട്ടുണ്ട്.
സിആർസെഡ് മേഖലകളിലെ കെട്ടിടങ്ങൾക്ക് അനുമതി നൽകാൻ പുതിയ നിയമപ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്കാണ് അധികാരം. നേരത്തേ ഇത് തീരപരിപാലന അതോറിറ്റിക്കായിരുന്നു. ദ്വീപുകൾക്കു പ്രത്യേകം മാനേജ്മെന്റ് പ്ലാൻ ഇല്ലാത്തതിനാൽ, തീരപരിപാലന നിയമത്തിൽ ബാധകമായ വിഭാഗങ്ങളായാണു പരിഗണിക്കേണ്ടതെന്നു സർക്കാർ ഉത്തരവിറക്കിയാലേ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നിയമം ഒരേ പോലെ വ്യാഖ്യാനിക്കപ്പെടൂ.
നിർമാണ നിയന്ത്രണ രേഖ
തീര നിയന്ത്രണത്തിൽ ഇളവുകൾ കുറഞ്ഞ മേഖല 3 ബിയിൽ വരുന്ന പഞ്ചായത്തുകളിൽ നിർമാണ നിരോധന മേഖല വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെയാണെങ്കിൽ, ഇതേ പഞ്ചായത്തിലെ ദ്വീപുകൾക്ക് ഐലൻഡ് കാറ്റഗറിയിൽ 20 മീറ്റർ നിർമാണ നിയന്ത്രണ പരിധി അവകാശപ്പെടാം. നഗര മേഖലയായ സിആർസെഡ് 2ൽ, 1991 ൽ നിയമാനുസൃതമുള്ള കെട്ടിടം നിയന്ത്രണ രേഖയായി കണക്കാക്കാം. ഫെറിയുടെ കൽക്കെട്ടും ഇലക്ട്രിക് പോസ്റ്റും ഇതുപോലെ അതിരായി കണക്കാക്കണമെന്നും വാദമുണ്ട്.
സിആർസെഡ് 3 എയിൽ ഇതുപോലുള്ള ഇളവില്ല. നിലവിൽ നിർമാണ നിയന്ത്രണ പരിധി 200 മീറ്റർ ആയിരുന്നത് 50 മീറ്റർ ആയി കുറഞ്ഞുകിട്ടും. എന്നാൽ, ദ്വീപായി പരിഗണിക്കുമ്പോൾ ഇതു പിന്നെയും കുറഞ്ഞ് 20 മീറ്ററാകും.