ഡിജിപിയുടെ റിപ്പോർട്ട് നിർണായകം; അൻവർ നിൽക്കുമോ, പോകുമോ?
Mail This Article
മലപ്പുറം ∙ പി.ശശിക്കും എഡിജിപി അജിത്കുമാറിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് വരാനിരിക്കെ, പി.വി.അൻവർ എംഎൽഎയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നതിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ. നിലപാടു പൂർണമായി തള്ളുന്ന സാഹചര്യമുണ്ടായാൽ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജിയുൾപ്പെടെ പരിഗണനയിലുണ്ടെന്നാണ് അൻവറിനോട് അടുപ്പമുള്ളവർ നൽകുന്ന സൂചന.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തുറന്ന് സിപിഎമ്മിനെ സമ്മർദത്തിലാക്കാനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. പൊലീസിലെ ഒരു വിഭാഗത്തിനെതിരെ യുദ്ധമുഖം തുറന്നിരിക്കെ എംഎൽഎ സ്ഥാനം ഉപേക്ഷിക്കാൻ അൻവർ തയാറാകില്ലെന്ന നിഗമനത്തിലാണ് സിപിഎം. മാത്രവുമല്ല, തനിക്കെതിരെയുള്ള കേസുകളുടെ ഗതിയെന്താകുമെന്നതും അൻവറിനെ അലട്ടുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രിയും പ്രധാന നേതാക്കളും തള്ളിപ്പറഞ്ഞ ശേഷവും പാർട്ടി അനുഭാവികൾക്കിടയിൽ അൻവറിനു ലഭിക്കുന്ന പിന്തുണ സിപിഎം തിരിച്ചറിയുന്നുണ്ട്. അതിനാൽ അനുനയ നീക്കം പൂർണമായി ഉപേക്ഷിച്ചിട്ടില്ല.
അൻവറിന്റെ മുഖം രക്ഷിക്കുന്ന നടപടികൾക്കെങ്കിലും മുഖ്യമന്ത്രി തയാറാകുമോ എന്നതു നിർണായകമാകും. കാര്യങ്ങളിൽ വ്യക്തത വരുന്നതുവരെ പരസ്യപ്രതികരണങ്ങൾ വേണ്ടെന്ന നിലപാടിലാണു കോൺഗ്രസും ലീഗും. പാളയം മാറുന്നതിന്റെ സൂചനകൾ അൻവർ ഇതുവരെ നൽകിയിട്ടുമില്ല. ജില്ലയിലെ സ്വതന്ത്ര എംഎൽഎമാരിൽ പാർട്ടിയുമായി അൻവറിനോളം ഇഴുകിച്ചേർന്നു പ്രവർത്തിക്കുന്ന മറ്റൊരാളില്ല. ആ പരിഗണന അൻവറിനു ലഭിക്കണമെന്ന അഭിപ്രായം ചില നേതാക്കൾക്കെങ്കിലും ഉണ്ട്.
ആരോപണങ്ങളുമായി ബന്ധപ്പെട്ട് എഡിജിപി അജിത്കുമാറിനെതിരെയാകും പൊലീസ് റിപ്പോർട്ടെന്ന് അൻവറിനെ പിന്തുണയ്ക്കുന്നവർ പ്രതീക്ഷിക്കുന്നില്ല. എംഎൽഎയെ തള്ളി മുഖ്യമന്ത്രി രംഗത്തുവന്നതിനു പിന്നാലെ എ.വിജയരാഘവനും പി.കെ.ശ്രീമതിയും മുഖ്യമന്ത്രിയുടെ നിലപാട് ആവർത്തിച്ചതിൽ വരാനിരിക്കുന്ന റിപ്പോർട്ടിന്റെ സൂചന അവർ കാണുന്നുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി തന്നെ സംശയനിഴലിൽ നിർത്തിയതിലും അൻവറിനു കടുത്ത അതൃപ്തിയുണ്ട്. അൻവറിനെ തള്ളിക്കൊണ്ടുള്ള നിലപാടിൽനിന്നു പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണു കഴിഞ്ഞ ദിവസം തൃശൂരിൽ അഴീക്കോടൻ അനുസ്മരണച്ചടങ്ങിൽ പിണറായി നൽകിയത്. ഉന്നയിച്ച ആരോപണങ്ങളിൽ നടപടി വേണമെന്ന ആവശ്യത്തിൽനിന്ന് അൻവർ പിന്നോട്ടുപോകുമോയെന്നാണ് ഇനി അറിയാനുള്ളത്.