ഉത്തരവില്ലാതെ ഉത്തരവാദിത്തം: ഐഎഫ്എസ് ലഭിച്ച 11 ഉദ്യോഗസ്ഥർ ഒരു മാസമായി ജോലി ചെയ്യുന്നത് നിയമന ഉത്തരവില്ലാതെ
Mail This Article
കോഴിക്കോട് ∙ വനം വകുപ്പിൽ കഴിഞ്ഞ മാസം ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) ലഭിച്ച 11 ഉന്നത ഉദ്യോഗസ്ഥർ ഒരു മാസമായി ജോലി ചെയ്യുന്നതു നിയമന ഉത്തരവു പോലും ഇല്ലാതെ. ഇവർ സംസ്ഥാന സർവീസിൽ നിന്നു കഴിഞ്ഞ 29ന് രാജിവച്ചെങ്കിലും അഖിലേന്ത്യാ സർവീസിൽ ഉൾപ്പെടുത്തിയുള്ള നിയമന ഉത്തരവ് ഇതു വരെ ഇറങ്ങിയിട്ടില്ല. ചീഫ് സെക്രട്ടറി തലത്തിലെ മാറ്റവും, സിവിൽ സർവീസ് ബോർഡിന്റെ (സിഎസ്ബി) മിനിറ്റ്സിൽ വനം മേധാവി ഒപ്പിടാത്തതുമാണ് ഉത്തരവു വൈകിപ്പിക്കുന്നത്.
2020–22 സിലക്ട് ലിസ്റ്റുകളിൽ ഉൾപ്പെട്ട 11 പേരുടെ നിയമന നടപടികളാണു പ്രതിസന്ധിയിൽ. ഇതിൽ ഒരാൾ ഐഎഫ്എസ് ലഭിക്കുന്നതിനു മുൻപേ അവധിയിൽ പ്രവേശിക്കുകയും വിരമിക്കുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ പ്രമോഷൻ, സ്ഥലംമാറ്റ പട്ടികയിൽ ഇവരെക്കൂടി ഉൾപ്പെടുത്തുകയും സിവിൽ സർവീസ് ബോർഡിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തതോടെയാണ് ഉത്തരവു വൈകിയത്.
കഴിഞ്ഞ മാസം 28ന് ആണ് ഐഎഫ്എസ് പട്ടിക ഇറങ്ങിയത്. 29, 30 തീയതികളിലായി ഇവർ സംസ്ഥാന സർവീസിൽ നിന്നു രാജിവച്ചു.
പിറ്റേന്നു തന്നെ അഖിലേന്ത്യാ സർവീസിൽ ഉൾപ്പെടുത്തി ഉത്തരവിറക്കണമെന്നാണു ചട്ടം. എന്നാൽ ചീഫ് സെക്രട്ടറി മാറിയത് അതിനു തടസ്സമായി. ചീഫ് സെക്രട്ടറിയും വനം സെക്രട്ടറിയും വനം മേധാവിയും ഉൾപ്പെടുന്ന സിവിൽ സർവീസ് ബോർഡ് 13ന് യോഗം ചേർന്ന് പട്ടിക അംഗീകരിച്ചെങ്കിലും മിനിറ്റ്സ് ഒപ്പിടാതെ വനം മേധാവി ഫീൽഡ് തല പരിശോധനകൾക്കായി പോയി. അടുത്ത മാസം നാലു വരെ പുതിയ ചീഫ് സെക്രട്ടറി അവധിയിലുമാണ്.
വനം വകുപ്പിലെ നിർണായക തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥർ അതേ സ്ഥാനത്തു തുടരുന്നുണ്ട്. വൻ തുകയുടെ ടെൻഡറുകൾ ക്ഷണിച്ച് നിർമാണ പ്രവൃത്തികളിൽ തീരുമാനം എടുക്കേണ്ടതും ഇവരാണ്. നിയമന ഉത്തരവില്ലാത്ത തസ്തികയിൽ ഇരുന്നു കൊണ്ടു കൈക്കൊള്ളുന്ന തീരുമാനങ്ങൾ പിന്നീടു ചോദ്യം ചെയ്യപ്പെട്ടാൽ സാങ്കേതിക കുരുക്കാകുമെന്നു വനം വകുപ്പ് വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വനം വകുപ്പിൽ നിന്നു രണ്ടു മാസം മുൻപു തയാറാക്കി നൽകിയ സ്ഥലംമാറ്റപ്പട്ടിക മുഖ്യമന്ത്രി തിരിച്ചയച്ചതിലെ അപ്രീതിയാണു വനം മേധാവി മിനിറ്റ്സ് ഒപ്പിടാത്തതിനു പിന്നിലെന്നും സൂചനയുണ്ട്. ഐഎഫ്എസ് നിയമനം സിഎസ്ബിക്കു വിടേണ്ട കാര്യമില്ലാതിരുന്നിട്ടും പുതുതായി തയാറാക്കിയ സ്ഥലംമാറ്റപ്പട്ടികയ്ക്കൊപ്പം ഐഎഫ്എസുകാരുടെ പട്ടികയും ഉൾപ്പെടുത്തിയതോടെയാണ് എല്ലാ നിയമനങ്ങളും കുരുങ്ങിയത്.