ബലാൽസംഗക്കേസിൽ അറസ്റ്റ്, ജാമ്യം: മുകേഷിന്റെ രാജി സിപിഎം ആവശ്യപ്പെടുമോ?
Mail This Article
തിരുവനന്തപുരം ∙ ബലാൽസംഗക്കേസിൽ നടൻ എം.മുകേഷ് അറസ്റ്റിലായതോടെ, അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം വീണ്ടുമുയരുമോയെന്ന് ഇടതുകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. സിപിഎം പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന വിഷയമാണത്. ഇടത് സ്വതന്ത്ര എംഎൽഎ പി.വി.അൻവറിനെ വാർത്തക്കുറിപ്പിറക്കി വായടപ്പിച്ചതിനു പിന്നാലെയാണ് മറ്റൊരു എംഎൽഎയുമായി ബന്ധപ്പെട്ട വിഷയം പാർട്ടിക്കു തലവേദനയാകുന്നത്.
അറസ്റ്റിന്റെ പേരിൽ രാജിയെന്ന വാദത്തോടു സിപിഎമ്മിനു യോജിപ്പില്ല. പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ രാജിക്കാര്യം ആലോചിക്കാമെന്നാണ് പാർട്ടി ഒടുവിലെടുത്ത നിലപാട്.
കോൺഗ്രസിന്റെ 2 എംഎൽഎമാർ മുൻപു സമാന നടപടി നേരിട്ടതിനാൽ മുകേഷിന്റെ രാജി അവർ ശക്തമായി ആവശ്യപ്പെട്ടേക്കില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷത്തുനിന്നല്ല, മറിച്ച് സ്വന്തം പക്ഷത്തുനിന്നുള്ള സമ്മർദമാണു സിപിഎം പ്രതീക്ഷിക്കുന്നത്.
പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെ മുകേഷിനെതിരെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയും രംഗത്തുവന്നിരുന്നു. കോൺഗ്രസുകാർ രാജിവച്ചില്ലല്ലോ, അതുകൊണ്ട് മുകേഷും വയ്ക്കേണ്ടെന്ന സിപിഎമ്മിന്റെ വാദത്തെ ഇവർ പരസ്യമായി ചോദ്യംചെയ്തു. കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി സിപിഎം പ്രതിരോധം തീർക്കേണ്ടതില്ലെന്നു വൃന്ദ പറഞ്ഞപ്പോൾ, മുകേഷ് രാജിവയ്ക്കണമെന്ന് ആനി ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഇരുവരും വീണ്ടും സ്വരംകടുപ്പിച്ചാൽ മുകേഷിന്റെ കാര്യത്തിൽ വ്യക്തമായ നിലപാടു പറയാൻ സിപിഎം നിർബന്ധിതമാകും. ഇടതുപക്ഷത്തെ ഏറ്റവും ഉയർന്ന ഘടകങ്ങളിലെ വനിതാ നേതാക്കളുടെ ചോദ്യങ്ങൾ അവഗണിക്കാൻ പാർട്ടിക്കാവില്ല. മുകേഷിനെ ചേർത്തുപിടിക്കുന്നതിലൂടെ സ്ത്രീവിരുദ്ധ സർക്കാർ എന്ന ആക്ഷേപമുയരാനുള്ള സാധ്യതയും പാർട്ടി മുന്നിൽക്കാണുന്നു.
മുകേഷിന്റെ വിഷയം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണെന്നാണു നിലപാടെങ്കിലും മുന്നണിയുടെ പ്രതിഛായ മോശമാകാതിരിക്കാൻ വേണ്ട നടപടി സിപിഐ പ്രതീക്ഷിക്കുന്നു. അക്കാര്യം പരസ്യമായി ആവശ്യപ്പെടാൻ സിപിഐ തയാറാകുമോയെന്നാണ് അറിയേണ്ടത്. അതേസമയം, മുകേഷിനെതിരെ ആനി രാജ പരസ്യ പ്രതികരണങ്ങൾ നടത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. കേരളത്തിലെ കാര്യം ആനി പറയേണ്ടെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.