കാട്ടുപന്നിയുടെ പേരിൽ അധിക്ഷേപ പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി
Mail This Article
കോന്നി (പത്തനംതിട്ട) ∙ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ തടസ്സം ആർഎസ്എസിന്റെ ചില വിശ്വാസങ്ങളാണെന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. കോന്നി ഡിഎഫ്ഒ ഓഫിസിലേക്കു കർഷക സംഘം നടത്തിയ മാർച്ചിലാണു വിവാദ പരാമർശം. കേന്ദ്ര സർക്കാരിന് മനുഷ്യനല്ല പ്രശ്നം, കുരങ്ങിനും പന്നിക്കും പാമ്പിനുമൊക്കെയാണു പ്രാധാന്യം. ചൈനയിൽ ഭക്ഷിക്കുന്ന പാമ്പിനെ ഇവിടെ ആരാധിക്കുന്നെന്നും വിചിത്രമായ ജീവിതരീതികളാണ് നമ്മുടെ രാജ്യത്തുള്ളതെന്നും ഉദയഭാനു പറഞ്ഞു.
പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമില്ല. കേന്ദ്ര സർക്കാരാണ് ചെയ്യേണ്ടത്. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ ജനങ്ങൾ കൊല്ലുമെന്നും അവിടെ കേസുമായി വന്നാൽ വനംവകുപ്പുകാരെ കൈകാര്യം ചെയ്യുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. നിയമം ഞങ്ങൾക്കൊരു പ്രശ്നമല്ല. നിയമം അംഗീകരിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം കിട്ടുമായിരുന്നോ. നിയമം കാണിച്ച് വിരട്ടേണ്ട. വനംവകുപ്പെന്നു പറയുന്ന കുറെയാളുകൾക്ക് മനുഷ്യനുമായി ബന്ധമില്ല. ഓരോ വനത്തിലും ഉൾക്കൊള്ളാൻ കഴിയുന്ന വന്യജീവികളെക്കുറിച്ച് സർവേ നടത്തണം. അതിനപ്പുറമുള്ളതിനെ വെടിവച്ചു കൊല്ലണം. നാട്ടിലെ ജനങ്ങൾ ഇറങ്ങി കാട്ടുപന്നിയെ കൊല്ലും. അവിടെ കേസുമായി വന്നാൽ നിങ്ങളെ ഞങ്ങൾ കൈകാര്യം ചെയ്യും. വാർഡുകളിൽ ജനകീയ സമിതികളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കൃഷിക്കാരുടെ വേദന കാണാൻ കഴിയുന്നില്ല. ഒരു കാട്ടുമൃഗവും നാട്ടിലിറങ്ങാൻ പാടില്ല. നാട്ടുകാർ സംഘടിക്കണം. അതിന് തോക്കിന് ലൈസൻസൊന്നും വേണ്ട. എല്ലാവരെയും ഉൾപ്പെടുത്തി കൃഷിയെയും ജനങ്ങളെയും സംരക്ഷിക്കാൻ ശക്തമായ പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്നും കെ.പി.ഉദയഭാനു പറഞ്ഞു.