'രാജ തമിഴ്നാട്ടുകാരനെന്ന വാദം അംഗീകരിക്കാനാവില്ല': ദേവികുളം തിരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതി നിരീക്ഷണം
Mail This Article
ന്യൂഡൽഹി ∙ 1950 നു മുൻപേ തിരുവിതാംകൂറിൽ പിതാവിന്റെ മാതാപിതാക്കൾ താമസം തുടങ്ങിയെന്ന ദേവികുളം എംഎൽഎ എ.രാജയുടെ വാദത്തോടു സുപ്രീം കോടതി യോജിച്ചു. 1951നു ശേഷമാണ് അവർ വന്നതെന്നതിനു തെളിവില്ലെന്നു പറഞ്ഞ കോടതി, അവർ തമിഴ്നാട്ടുകാരാണെന്ന വാദം 74 വർഷത്തിനു ശേഷം അംഗീകരിക്കാൻ കഴിയില്ലെന്നും വാക്കാൽ നിരീക്ഷിച്ചു. പട്ടികജാതി സംവരണത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് രാജ ഉയർത്തുന്ന വാദങ്ങളോടു യോജിക്കുന്നതാണ് ഇന്നലെ കോടതിയിൽ നിന്നുണ്ടായ പ്രതികരണം. എതിർ സ്ഥാനാർഥിയും കേസിലെ എതിർകക്ഷിയുമായ യുഡിഎഫിലെ ഡി.കുമാറിനു വേണ്ടിയുള്ള വാദം തുടരുന്നതിനിടെയാണ് കോടതിയിൽ നിന്നുള്ള പരാമർശം. ഹർജിയിൽ ഇന്നും വാദം തുടരും.
1951ന് ശേഷമാണ് രാജയുടെ മാതാപിതാക്കൾ വന്നതെന്നും അതുകൊണ്ട് തമിഴ്നാട്ടിലെ പറയൻ സമുദായംഗമായിരുന്നവർക്ക് ഇവിടെ പട്ടികജാതി സംവരണത്തിന്റെ ആനുകൂല്യങ്ങൾ നേടാൻ കഴിയില്ലെന്നുമാണ് ഡി.കുമാറിനു വേണ്ടി ഹാജരായ നരേന്ദ്ര ഹൂഡ, അൽജോ കെ.ജോസഫ് എന്നിവർ വാദിച്ചത്. രാജയുടെ പിതാവിന്റെ അമ്മ 1949 ൽ കുണ്ടളയിലെ തൊഴിലാളിയായിരുന്നുവെന്നു ടാറ്റാ കമ്പനിയുടെ രേഖകളിലുണ്ടെന്ന കാര്യവും കോടതി സൂചിപ്പിച്ചു. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്. പിന്നാലെ, രാജ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തു.