കരളുറപ്പിന് കൂപ്പുകൈ; സമാനതകളില്ലാത്ത തിരച്ചിൽ, പതറാതെ പ്രതീക്ഷയുമായി കുടുംബവും ലോറി ഉടമയും
Mail This Article
കോഴിക്കോട് ∙ ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താൻ കുടുംബവും ലോറി ഉടമ മനാഫും നടത്തിയതു സമാനതകളില്ലാത്ത പ്രയത്നങ്ങൾ. ഏതൊക്കെ വാതിലിൽ മുട്ടിയിട്ടാണെങ്കിലും ആരുടെയൊക്കെ മുന്നിൽ കൈകൂപ്പിയിട്ടാണെങ്കിലും അർജുനെ തിരികെ വീട്ടിൽ എത്തിക്കണമെന്ന കുടുംബത്തിന്റെയും മനാഫിന്റെയും നിശ്ചയദാർഢ്യമാണ് ലോറിയും മൃതദേഹവും കണ്ടെത്തുന്നതിനു വഴിയൊരുക്കിയത്.
72 ദിവസം ഷിരൂരിൽ തിരച്ചിലിനു കാവൽ നിന്നത് അർജുന്റെ സഹോദരി അഞ്ജുവിന്റെ ഭർത്താവ് ജിതിനും ലോറി ഉടമ മനാഫുമായിരുന്നു. യാത്രയ്ക്കിടെ അർജുൻ പതിവു പോലെ വിളിക്കാതിരുന്നതോടെയാണു കുടുംബം തേടിയിറങ്ങിയത്. ബന്ധുക്കൾ ഷിരൂരിലെത്തി പരാതി നൽകി. ഒപ്പം കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലും.
മണ്ണിടിയുന്നതിനു തൊട്ടു മുൻപു വണ്ടി നിർത്തി ഉറങ്ങാൻ പോയ അതേ സ്ഥലത്തു തന്നെയാണ് ലോറിയുടെ ജിപിഎസ് സിഗ്നൽ കാണിച്ചിരുന്നത്. ഇതോടെ ലോറിക്കു മുകളിൽ മണ്ണിടിഞ്ഞ് അർജുൻ അതിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണു കുടുംബം അടക്കം കരുതിയത്. ഇടയ്ക്ക് 2 തവണ അർജുന്റെ മൊബൈൽ ഫോൺ റിങ് ചെയ്തതു വലിയ പ്രതീക്ഷയായി.
മാധ്യമ സഹായം തേടി ഒന്നാംഘട്ടം
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന ധാരണയിൽ, മണ്ണുമാറ്റി അർജുനെ രക്ഷിക്കണമെന്ന ആവശ്യത്തിന് ആദ്യ 2 ദിവസം ഒരു പിന്തുണയും കർണാടകയുടെ ഭാഗത്തുനിന്നു ലഭിച്ചില്ല. ഇതോടെയാണു കുടുംബം മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. 3 ദിവസമായി ഒരു മലയാളി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന വാർത്ത മാധ്യമങ്ങൾ പുറത്തു വിട്ടതോടെ കേരള സർക്കാരും ഉണർന്നു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന ഭീഷണിയും കൂടി ചേർന്നതോടെ രക്ഷാദൗത്യം അവസാനിപ്പിക്കേണ്ടി വന്നു
സൈന്യത്തിന്റെ സഹായം
രക്ഷാപ്രവർത്തനം നിർത്തിവെച്ചതോടെ, സൈന്യത്തിന്റെ സഹായം തേടി കുടുംബം പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു. സൈന്യം തിരച്ചിലിനായി എത്തിയെങ്കിലും മഴയിൽ അതു ദുഷ്കരമായി. പുഴയുടെ അടിത്തട്ടിൽ വൻതോതിൽ മണ്ണും മരങ്ങളും അടിഞ്ഞു കൂടിയതോടെ രക്ഷാപ്രവർത്തകർക്ക് ഒന്നും ചെയ്യാനില്ലെന്നായി. വീണ്ടും ദൗത്യം അവസാനിപ്പിക്കേണ്ടി വന്നതോടെ കുടുംബം ഒരിക്കൽക്കൂടി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു സഹായം തേടി.
ഡ്രജറെത്തിച്ച് തിരച്ചിൽ
ചെളിയും മണ്ണും നീക്കാൻ വലിയ ഡ്രജർ ഗോവയിൽനിന്ന് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടു കുടുംബം. ഇതിനായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു സഹായം അഭ്യർഥിച്ചു.