ADVERTISEMENT

മൂന്നാർ / മറയൂർ ∙ മൂന്നാറിലും മറയൂരിലുമായി കാട്ടാനയാക്രമണത്തിൽ 4 പേർക്കു പരുക്കേറ്റു. മാലിന്യസംസ്കരണ പ്ലാന്റിലെ ശുചീകരണത്തൊഴിലാളികളായ രാജീവ് ഗാന്ധി നഗറിൽ പി.അളകമ്മ (58), ഗൂഡാർവിള നെറ്റിക്കുടി സ്വദേശി എസ്.ശേഖർ (40), പഴയ മൂന്നാർ സ്വദേശി വി.രാമചന്ദ്രൻ (58) എന്നിവർക്കാണു മൂന്നാറിൽ പരുക്കേറ്റത്. കാലിനു ഗുരുതരമായ പരുക്കേറ്റ അളകമ്മയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ കർഷകനു പരുക്കേറ്റ മറയൂരിൽ ഇന്നലെ വൈകിട്ടും ഒരാൾക്കു പരുക്കേറ്റു. വൈകിട്ട് 4നു വീട്ടിലേക്കു നടന്നുപോവുകയായിരുന്ന പെരുമലയിൽ പള്ളത്ത് സെബാസ്റ്റ്യനെ (55) കാട്ടാന തുമ്പിക്കൈ കൊണ്ടു തട്ടിവീഴ്ത്തി. സെബാസ്റ്റ്യനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുൻപു സെബാസ്റ്റ്യന്റെ സ്കൂട്ടർ കാട്ടാന തകർത്തിരുന്നു.

മൂന്നാറിലെ സംഭവം ഇന്നലെ രാവിലെ 8ന് ആയിരുന്നു. നല്ലതണ്ണി കല്ലാറിൽ പഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാന്റിലെ ജോലികൾക്കായി 20 തൊഴിലാളികൾ ഓട്ടോറിക്ഷയിൽ വന്നിറങ്ങി. ഇവർ പ്ലാന്റിലേക്കു നടന്നുപോകുന്നതിനിടെ, സമീപത്തെ പച്ചക്കറി അവശിഷ്ടങ്ങൾ തിന്നുകയായിരുന്ന 2 ഒറ്റക്കൊമ്പന്മാരിൽ ഒരെണ്ണം പാഞ്ഞടുക്കുകയായിരുന്നു. ഏറ്റവും മുന്നിലുണ്ടായിരുന്ന അളകമ്മയെ കാലുകൊണ്ടു തട്ടി താഴെയിട്ടു. പിന്നീട് ഒറ്റക്കൊമ്പുകൊണ്ട് ഇടതുകാൽ കുത്തിക്കീറി. കാൽപാദം മുതൽ തുട വരെ പിളർന്ന നിലയിലാണ്. ശേഖറിനെ നടുവിനു ചവിട്ടിയ ശേഷം വലിച്ചെറിഞ്ഞു. ഓടി രക്ഷപ്പെടുന്നതിനിടെ വീണാണു രാമചന്ദ്രനു പരുക്കേറ്റത്. മറ്റു തൊഴിലാളികൾ ബഹളംവച്ചതിനാൽ ഒറ്റയാൻ കൂടുതൽ ആക്രമണം നടത്താതെ പിന്മാറി.

English Summary:

Elephant Attacks in Munnar and Marayoor; Four Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com