ഷിരൂർ അപകടം: മൂന്നു ഘട്ടങ്ങളിലായി തിരച്ചിൽ; പുഴയാഴങ്ങളിൽനിന്ന് ഉത്തരമെത്തി, ലോറിയിൽ അർജുന്റെ മൃതദേഹവും
Mail This Article
ഷിരൂർ (കർണാടക) ∙ദുഃഖം ഘനീഭവിച്ച, ഒരു നാടിന്റെ ആശങ്കയ്ക്കാണ് ഇന്നലെ ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽനിന്ന് ഉത്തരമെത്തിയത്. ഡ്രജറിലെ ക്രെയിനിൽ ഘടിപ്പിച്ച ലോറി പൊങ്ങിവരുമ്പോൾ എല്ലാവരും കാത്തിരുന്നത് ആ ഉത്തരത്തിനാണ്; അർജുന്റെ മൃതദേഹം ലോറിക്കുള്ളിലുണ്ടോ? ലോറി പുഴയിൽനിന്നു പൊക്കിയെടുക്കുന്നത് ഉച്ചകഴിഞ്ഞ് 3ന്. ലോറിയുടെ കാബിനിൽ മൃതദേഹ ഭാഗങ്ങൾ ഉണ്ടെന്നു വൈകാതെ വ്യക്തമായി.
എല്ലാ പ്രതീക്ഷകളും അവസാനിക്കാനിരിക്കെ, അർജുന്റെ കുടുംബാംഗങ്ങളും കേരളത്തിലെ മാധ്യമങ്ങളും നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് 72 ദിവസത്തെ കാത്തിരിപ്പിന് ഉത്തരമായത്. ലോറി പുഴയിലുണ്ടെന്ന സൂചന ആദ്യം ലഭിക്കുന്നത് രാവിലെ 10.30നാണ്. ഡ്രജറിൽ നിന്നുള്ള മുങ്ങൽ സംഘം പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ ഭാരം കൂടിയ ഒരു വസ്തു പുഴയുടെ അടിത്തട്ടിലുണ്ടെന്നു കണ്ടെത്തി. മുങ്ങിച്ചെന്നു വടം കെട്ടി ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകിട്ടോടെ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ സ്ഥലത്തെത്തി. ലോറി ഉയർത്താനുള്ള ശ്രമം ഡ്രജർ സംഘം വീണ്ടും ആരംഭിച്ചു.
ഡ്രജറിലെ ക്രെയിനിൽ ബന്ധിപ്പിച്ച ലോറി പുഴയുടെ മുകൾത്തട്ടിലേക്ക് ഉയർന്നു. ഈ സമയം മുങ്ങൽ സംഘം അകത്തു കയറി കാബിനിൽ പരിശോധന നടത്തി മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. മൃതദേഹ ഭാഗങ്ങൾ പൊതിഞ്ഞെടുത്ത് ഡ്രജറിലേക്കു മാറ്റി. വൈകിട്ട് 5.30ന് അർജുന്റെ മൃതദേഹം ബോട്ടിൽ കയറ്റി പുഴയുടെ മറുകരയിലെത്തിച്ചു. അവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. വൈകിട്ട് 7ന് ലോറിയുടെ ഭാഗം കരയ്ക്കെത്തിച്ചു. ഇതിനിടെ ഒരിക്കൽ വടം പൊട്ടി ലോറി പുഴയിലേക്ക് ചെരിയുകയും ചെയ്തു.