‘രഹസ്യവിവരങ്ങൾ മുക്കുന്നു’: എക്സൈസ് വകുപ്പിനെതിരെ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട്
Mail This Article
കോട്ടയം ∙ പൊതുജനങ്ങളിൽനിന്നു ലഭിക്കുന്ന എല്ലാ രഹസ്യവിവരങ്ങളിലും എക്സൈസ് വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എജി) റിപ്പോർട്ട്. ഇതെത്തുടർന്ന് ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തി തുടർനടപടിയെടുക്കുന്നതിന് വകുപ്പ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു.
എക്സൈസ് ഇന്റലിജൻസ് ബ്യൂറോ നൽകുന്ന വിവരങ്ങൾ സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നും എജിയുടെ റിപ്പോർട്ടിലുണ്ട്. ലഹരി വസ്തുക്കളെപ്പറ്റി എക്സൈസ് ഇന്റലിജൻസ് ബ്യൂറോ, അതത് എക്സൈസ് ഓഫിസുകളിലേക്കു നൽകുന്ന വിവരങ്ങളിലും അതിനെപ്പറ്റിയുള്ള പരിശോധനയ്ക്കുശേഷം കണ്ടെടുക്കുന്ന സാധനങ്ങളുടെ കണക്കുകളിലും പൊരുത്തക്കേടുണ്ട്. ഈ ഫയലുകൾ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർമാർ പരിശോധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ സോണൽ യൂണിറ്റിലും അവിടെനിന്നു ലഭിക്കുന്ന വിവരങ്ങൾ ജില്ലാ ഇന്റലിജൻസ് ബ്യൂറോ യൂണിറ്റിലും ഇനി മുതൽ രേഖപ്പെടുത്തും. ജനങ്ങളിൽനിന്നു ലഭിക്കുന്ന രഹസ്യവിവരങ്ങൾ പ്രത്യേക മാതൃകയിൽ രേഖപ്പെടുത്തും. ഇക്കാര്യങ്ങൾ നടപ്പാക്കണമെന്ന് വകുപ്പ് മേധാവി എക്സൈസ് ഓഫിസുകൾക്ക് നിർദേശം നൽകി.