കാട്ടുപന്നി ശല്യം: വെടിവയ്ക്കാൻ ഇനി പ്രത്യേക സ്ക്വാഡുകൾ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ അവയെ വെടിവയ്ക്കാൻ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി വനം വകുപ്പ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കുന്നു. വിഷയം ചർച്ച ചെയ്യാൻ ഒക്ടോബർ 3ന് ഉന്നതതല യോഗം വിളിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വെടിവയ്ക്കാൻ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിൽനിന്ന് വിരമിച്ചവർ, വിരമിച്ച ജവാന്മാർ, റൈഫിൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളവർ തുടങ്ങി താൽപര്യമുള്ളവരെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിക്കാനാണ് ആലോചന.
ജനവാസ മേഖലയിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും നൽകി വനംവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനു മാത്രമാണ് അധികാരം. ഈ അധികാരം ഉപയോഗിച്ചു വിജ്ഞാപനം പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അനുമതി നൽകാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.