തൃശൂരിലെ പരാജയം: പൂരത്തെക്കുറിച്ച് മിണ്ടാതെ സിപിഎം രേഖ
Mail This Article
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ഇടതു സ്ഥാനാർഥി പരാജയപ്പെടാനുള്ള പ്രധാന കാരണം പൂരം കലക്കൽ ആണെന്ന വിവാദത്തിനിടെ, സിപിഎം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് അയച്ച രേഖയിൽ ഇതേക്കുറിച്ചു മൗനം. അതേസമയം, ക്രിസ്ത്യൻ മത മേധാവികൾക്കെതിരെ ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനും എഡിജിപി എം.ആർ.അജിത്കുമാറിനുമെതിരെ കടുത്ത ആരോപണങ്ങൾ ഉയരുമ്പോഴാണു സർക്കാരിന്റെ വീഴ്ചകളെ വെള്ളപൂശാൻ സിപിഎം നേതൃത്വത്തിന്റെ ശ്രമം. വിഷയം പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയായാൽ പ്രതിരോധിക്കാൻ കൂടിയാണിത്. പൂരം കലക്കലാണു പാർട്ടി സ്ഥാനാർഥിയുടെ പരാജയത്തിനു മുഖ്യകാരണമെന്ന സിപിഐ നിലപാട് സംഘടനാപരമായി ചോദ്യം ചെയ്യുക കൂടിയാണു സിപിഎം. പൂരം എന്ന വാക്കു പോലും രേഖയിലില്ല.
കേന്ദ്രസർക്കാർ നൽകിയ ചില ‘ഓഫറുകളിൽ’ ക്രിസ്ത്യൻ മതമേധാവികൾ വീണു പോയെന്ന മട്ടിലാണു ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ഭാവി കടമകൾ വിശദമാക്കുന്ന 37 പേജുള്ള രേഖയിലെ ആരോപണം. രേഖയിൽ നിന്ന്: ‘സംഘപരിവാർ ആകട്ടെ, കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ കൂടെ നിർത്താനുള്ള പരിശ്രമങ്ങൾ തീവ്രമായി നടത്തുകയാണ്. ചില ക്രൈസ്തവ മത മേധാവികളുമായി തുടർച്ചയായി ബന്ധം സ്ഥാപിച്ചും വിദേശ പണം സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെട്ടുമാണ് പിന്തുണ നേടാനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. കേന്ദ്ര ഗവൺമെന്റ് തന്നെ തൃശൂരിൽ ബിജെപി സ്ഥാനാർഥിയുടെ വിജയത്തിനു വേണ്ടി അവിടത്തെ ക്രൈസ്തവ മേധാവികളെ നേരിട്ടു ബന്ധപ്പെട്ടു എന്നാണു ലഭിക്കുന്ന വിവരം. ചില ഓഫറുകൾ വാഗ്ദത്തം (വാഗ്ദാനം) ചെയ്തുകൊണ്ടാണ് ബിജെപി ക്രൈസ്തവ പിന്തുണ ഉറപ്പിച്ചത്. 2019 ൽ എറണാകുളത്ത് ആരംഭിച്ച കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്‌ഷൻ) മുസ്‌ലിം വിരുദ്ധത ക്രിസ്ത്യൻ വിഭാഗത്തിൽ രൂപപ്പെടുത്തുന്നതിനുള്ള ആശയ പ്രചാരണങ്ങൾ നടത്തിക്കൊണ്ട് ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്’.
പാർട്ടിവോട്ടിൽ ചോർച്ച
തൃശൂരിൽ പാർട്ടി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായെന്നായിരുന്നു സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിലെ വിലയിരുത്തലുകളിലൊന്ന്. കോൺഗ്രസിന്റെ വോട്ടും ക്രൈസ്തവരിൽ ഒരു വിഭാഗത്തിന്റെ വോട്ടും ലഭിച്ചതു തൃശൂരിൽ ബിജെപിയുടെ വിജയത്തിനു കാരണമായി. ഒരു വിഭാഗം ക്രിസ്ത്യൻ പള്ളി മേധാവികളും ബിജെപിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു. ബിജെപിയുടെ നീക്കങ്ങൾ മനസ്സിലാക്കി ഇടപെടാനായില്ലെന്ന സ്വയം വിമർശനവും റിവ്യൂ റിപ്പോർട്ടിലുണ്ടായിരുന്നു.