ADVERTISEMENT

തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎ ഉയർത്തിവിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമര രംഗത്തേക്ക്. മാഫിയ സംഘങ്ങളെ സംരക്ഷിക്കുകയും അഴിമതിയിൽ മുങ്ങിക്കുളിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരായ അന്തിമ സമരമായിരിക്കും ഇതെന്നും ലക്ഷ്യം കാണും വരെ അതു തുടരുമെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. ഒക്ടോബർ 8ന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സായാഹ്ന പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചുകൊണ്ടാവും തുടക്കം. തുടർ സമരങ്ങൾ യുഡിഎഫ് ഉന്നതാധികാര സമിതി ചർച്ച ചെയ്തു തീരുമാനിക്കും. എഡിജിപി എം.ആർ.അജിത്കുമാറിനെ സസ്പെൻഡ് ചെയ്യുക, തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാകും സമരം. 

യുഡിഎഫിന് പി.വി.അൻവറിനെ ആവശ്യമില്ലെന്നും അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നൽകേണ്ട കാര്യമില്ലെന്നും ഹസൻ വ്യക്തമാക്കി. അദ്ദേഹം എൽഡിഎഫ് വിടുകയാണെങ്കിൽ അപ്പോൾ ആലോചിക്കാം. യുഡിഎഫ് നേതാക്കൾ നേരത്തേ ഈ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയർത്തിയ ആരോപണങ്ങൾ തന്നെയാണ് ഇപ്പോൾ അൻവറും പറയുന്നത്. പിണറായി സർക്കാരിന്റെ കൊള്ളയ്ക്ക് സാക്ഷ്യം വഹിക്കുകയോ കൂട്ടുനിൽക്കുകയോ ചെയ്ത അൻവർ ഇപ്പോൾ അതു തുറന്നുപറയുമ്പോൾ തങ്ങൾ മുൻപ് ഉയർത്തിയ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമല്ലെന്നു തെളിയുകയാണ്. കോൺഗ്രസിനെ നിശിതമായി വിമർശിച്ചുകൊണ്ടാണ് അൻവർ സിപിഎമ്മിനെ നന്നാക്കാൻ ശ്രമിക്കുന്നത്. അത് തുടരട്ടെയെന്നും ഹസൻ പറഞ്ഞു.

English Summary:

UDF Launches Strike Demanding CM's Resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com