ADVERTISEMENT

ആലപ്പുഴ∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടർന്ന് 10 മാസമായി പിടിച്ചുവച്ചിരുന്ന കേരളീയം ബില്ലുകൾ ഉൾപ്പെടെ അതിവേഗത്തിൽ പാസാക്കിത്തുടങ്ങി. നവകേരള സദസ്സിന്റെ ബില്ലുകൾക്ക് ഒപ്പമാണ് ഇതും ‘ക്ലിയർ’ ചെയ്യുന്നത്. വൻ തുകകൾ വരുന്ന ഇരുപത്തഞ്ചോളം ബില്ലുകളാണു കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പാസാക്കിയെടുത്തത്. 

കഴിഞ്ഞ ഒക്ടോബറിൽ നടന്ന കേരളീയത്തിന്റെ ബില്ലുകൾ മാർച്ചിനു മുൻപു പാസാക്കേണ്ടതായിരുന്നെങ്കിലും വ്യവസ്ഥകൾ പാലിക്കാത്തതിനാൽ പിആർഡി ഡയറക്ടർ ഇവ പിടിച്ചു വച്ചിരുന്നു. ഇപ്പോൾ വേഗത്തിൽ പാസാക്കുന്നത് ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദം കാരണമാണെന്ന് അറിയുന്നു. ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം വരും മുൻപേ വിവാദ ബില്ലുകളെല്ലാം പാസാക്കിയെടുക്കാനാണു നെട്ടോട്ടം. 

നവകേരള സദസ്സിന്റെ കാര്യത്തിലെന്ന പോലെ ‘കേരളീയ’ത്തിലും പ്രചാരണവും സംഘാടനവും ഉൾപ്പെടെ പല പ്രധാന ജോലികളും നിർവഹിച്ചതു സിപിഎം ബന്ധമുള്ളവരുടെ സ്ഥാപനങ്ങളാണ്. കോഴിക്കോട്ടെ ഇവന്റ് മാനേജ്മെന്റ് കമ്പനിക്കും കൊച്ചിയിലെ പരസ്യ ഏജൻസിക്കുമെല്ലാം സമൂഹമാധ്യമ പ്രചാരണത്തിന്റെ ബിൽ തുക പാസാക്കി നൽകി. 

നമ്മൾ നടത്തും, നമ്മൾ കൊയ്യും

പാസാക്കിയ ചില ബില്ലുകൾ വിചിത്രമാണ്. കേരളീയത്തിന്റെ ഭാഗമായി പിആർഡി ഉദ്യോഗസ്ഥർ ഒരു ക്വിസ് പരിപാടി നടത്തി. ക്വിസ് മാസ്റ്ററും വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. സംഘാടനച്ചെലവായി വൻ തുകയാണ് ഇപ്പോൾ പാസാക്കിയെടുത്തത്. കേരളീയത്തോട് അനുബന്ധിച്ച് പിആർഡി ഒരുക്കിയ മീഡിയ സെന്ററിന്റെ പേരിലും ലക്ഷങ്ങളുടെ ബില്ലുകൾ പാസാക്കിയിട്ടുണ്ട്. 

ഗുരുതര ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളുള്ളപ്പോൾ ബില്ലുകൾ കൂട്ടത്തോടെ മാറുന്ന അസാധാരണ നടപടിയാണു നടക്കുന്നത്. സെക്രട്ടേറിയറ്റിലെ സാമ്പത്തിക വിഭാഗത്തിന്റെ പരിശോധനയോ വകുപ്പ്തല ഓഡിറ്റിങ്ങോ കൂടാതെയാണ് ഇതെല്ലാം.

English Summary:

PRD passed keraleeyam bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com