ADVERTISEMENT

കൊച്ചി ∙ യുവനടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന്റെ അജ്ഞാത വാസം പൊലീസിന്റെ നിരീക്ഷണത്തിലെന്നു സൂചന. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അറസ്റ്റിനു മുൻപു സുപ്രീം കോടതിയെ സമീപിക്കാൻ അവസരം വേണമെന്ന സിദ്ദിഖിന്റെ അഭ്യർഥന പൊലീസ് വകവച്ചു കൊടുത്തെന്ന വിവരമാണു പുറത്തുവരുന്നത്. 

മുൻകൂർ ജാമ്യം തള്ളുന്നതുവരെ പൊതുസമൂഹത്തിന്റെ മുന്നിലുണ്ടായിരുന്ന സിദ്ദിഖ് അന്നു മുഴുവൻ കേരളത്തിലുണ്ടായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. അന്നു സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ബുധനാഴ്ച രാവിലെ മുതൽ ഫോൺ വീണ്ടും ഓണായി.

സിദ്ദിഖിന്റെ ലൊക്കേഷൻ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണെങ്കിൽ കഴിഞ്ഞ 48 മണിക്കൂറിൽ പൊലീസിന് അവസരമുണ്ടായിരുന്നു. സംസ്ഥാന പൊലീസിന്റെ ഇപ്പോഴത്തെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചാൽ നിസ്സാരമായി ചെയ്യാവുന്ന കാര്യത്തിനു പോലും തുനിയാത്തത്, സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജിയിൽ സുപ്രീം കോടതി വിധി പ്രതികൂലമായാൽ മാത്രം അറസ്റ്റ് മതിയെന്ന നിർദേശത്തെ തുടർന്നാകാനാണു  സാധ്യത. ബുധനാഴ്ച സിദ്ദിഖ് ഫോൺ സ്വിച്ച് ഓൺ ചെയ്തതു പൊലീസ് നിർദേശം അനുസരിച്ചാവാനുള്ള സാധ്യതപോലും തള്ളിക്കളയാൻ കഴിയില്ല.

മുൻകൂർ ജാമ്യാപേക്ഷ 30ന് പരിഗണിച്ചേക്കും

ന്യൂഡൽഹി ∙ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി 30ന് പരിഗണിച്ചേക്കും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ രഞ്ജിത റോഹത്ഗി സുപ്രീം കോടതി റജിസ്ട്രാർക്ക് കത്തു നൽകി. പരാതിക്കാരിക്കും കേരള സർക്കാരിനും പുറമേ, സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ മറ്റൊരു തടസ്സഹർജിയും സുപ്രീം കോടതിയിലെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ദേശീയ വനിതാ കമ്മിഷന് പരാതി നൽകിയ അജീഷ് കളത്തിലാണ് ഹർജിക്കാരൻ.

English Summary:

Rumors: Police Aware of Siddique's Absconding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com