എടിഎം കവർച്ച: കടക്കാൻ ട്രക്ക്; ചെറുക്കാൻ തോക്ക്
![atm-1 കവർച്ചക്കാർ ഉപയോഗിച്ച കണ്ടെയ്നർ ലോറി](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/9/27/atm-1.jpg?w=1120&h=583)
Mail This Article
തൃശൂർ ∙ എസ്ബിഐയുടെ എടിഎം കൗണ്ടറുകൾ തകർത്ത് 66 ലക്ഷം രൂപ കവർന്ന സംഭവത്തിൽ തമിഴ്നാട് പൊലീസിന്റെ പിടിയിലായതു മേവാത്തി ഗാങ്ങിൽപെട്ടവർ. പ്രഫഷനൽ എടിഎം കൊള്ളക്കാരായ ഇവർ ബ്രെസ ഗാങ് എന്നും അറിയപ്പെടുന്നു. ഹരിയാന – രാജസ്ഥാൻ അതിർത്തിയിലെ മേവാത്തിൽനിന്നു രാജ്യമാകെ സഞ്ചരിച്ച് എടിഎം കൗണ്ടറുകളിൽനിന്ന് ഇവർ കവർന്നതു കോടികളാണ്.
എടിഎം തകർക്കാൻ പരിശീലനം നേടിയ ഇരുനൂറോളം പേരാണു മേവാത്തി ഗാങ്ങിലുള്ളത്. 10 പേരിൽ താഴെയുള്ള സംഘങ്ങളായി സഞ്ചരിച്ചാണു കവർച്ച നടത്തുന്നത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും ആന്ധ്രപ്രദേശിലെ കടപ്പയിലും എടിഎം കവർച്ച നടത്തിയ അതേ സംഘമാണു തൃശൂരിലെത്തിയതെന്നു പൊലീസ് കണ്ടെത്തി. കൃഷ്ണഗിരിയിൽ 9 ലക്ഷം രൂപയും കടപ്പയിൽ 2 എടിഎമ്മുകളിൽനിന്നായി 41 ലക്ഷവുമാണു കവർന്നത്. കണ്ണൂരിൽ 3 വർഷം മുൻപ് എടിഎം കവർച്ച നടത്തിയതിന് മേവാത്തി ഗാങ്ങിലെ മറ്റൊരു സംഘത്തെ പിടികൂടിയിരുന്നു.
![atm2 കണ്ടെയ്നറിനകത്തെ കാറിൽ പരിശോധന നടത്തുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
വ്യവസായമേഖലകൾ ഉൾപ്പെടുന്ന മേവാത്തിൽനിന്നു ദക്ഷിണേന്ത്യയിലേക്കടക്കം ഒട്ടേറെ ട്രക്കുകൾ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ലോഡുമായി എത്തുന്ന ഇവ മിക്കപ്പോഴും മടങ്ങുന്നതു കാലിയായിട്ടാണ്. ഇത്തരം ട്രക്കുകളുടെ ഡ്രൈവർമാരുമായി മേവാത്തി ഗാങ്ങിന് അടുത്ത ബന്ധമുണ്ട്.
മോഷ്ടിച്ച കാറിലാണ് മേവാത്തി ഗാങ് എടിഎം കവർച്ചയ്ക്കിറങ്ങുക. മേവാത്തിൽനിന്നുള്ള ട്രക്ക് ഈ സമയത്തു മേഖലയിലുണ്ടെങ്കിൽ കാത്തുനിൽക്കേണ്ട സ്ഥലവും സമയവും ഡ്രൈവറെ അറിയിക്കും. മോഷണത്തിനുശേഷം പറഞ്ഞ സ്ഥലത്തെത്തി കാർ ട്രക്കിൽ കയറ്റി സ്ഥലംവിടും. കാർ കേന്ദ്രീകരിച്ചാകും പൊലീസ് അന്വേഷണമെന്നതിനാൽ പിടിയിലാകാതെ ഇവർ അതിർത്തി കടക്കും. തോക്കുമായി സഞ്ചരിക്കുന്ന മേവാത്തി ഗാങ് അപകടം മണത്താൽ ഇത് ഉപയോഗിക്കാനും മടിക്കില്ല. ഗാങ്ങിന്റെ തലവനായ യൂസഫ് റാഷിദിനെ ഈയിടെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. തോക്കും 4 വെടിയുണ്ടകളും ഇയാളിൽനിന്നു പിടിച്ചെടുത്തിരുന്നു.