ADVERTISEMENT

മലപ്പുറം ∙ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി  ഇ.എൻ.മോഹൻദാസിനെതിരെ കടുത്ത ആരോപണങ്ങളുയർത്തി പി.വി.അൻവർ എംഎൽഎ. ജില്ലാ സെക്രട്ടറി പക്കാ ആർഎസ്എസുകാരനാണ്. മുസ്‌ലിം വിരോധിയും. താൻ അഞ്ചുനേരം നമസ്കരിക്കുന്നുവെന്നതായിരുന്നു അദ്ദേഹം കണ്ട അയോഗ്യത. ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ ഇ.എൻ.മോഹൻദാസിനെ പാർട്ടി ഓഫിസിൽവച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചവിട്ടാൻ ശ്രമിച്ചതായും അൻവർ വെളിപ്പെടുത്തി.

 ക്രൈസ്തവ ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങൾക്ക് എംഎൽഎ ഫണ്ട് നൽകുന്നത് ശരിയല്ലെന്നും എയ്ഡഡ് സ്ഥാപനങ്ങൾക്കല്ല തുക നൽകേണ്ടതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് നിലമ്പൂരിലെ ബൈപാസ് അടക്കം തടസ്സപ്പെടുത്തിയത്. ജില്ലാ ആശുപത്രി കെട്ടിടം നിർമിക്കാൻ ഭൂമി വിട്ടുനൽകാത്തതിനു പിന്നിൽ ജില്ലാ സെക്രട്ടറിയാണ്. മുൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെതിരെ ജില്ലാ സെക്രട്ടറിക്ക് പലവട്ടം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. 

 തനിക്കെതിരായി സിപിഎം പ്രവർത്തകർ പ്രകടനം നടത്തുന്നുണ്ടെങ്കിലും അവരുടെ മനസ്സ് തന്നോടൊപ്പമാണ്. എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയടക്കം നൽകിയ പരാതികളിൽ അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുന്നവർ വിഡ്ഢികളാണ്.  സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിട്ടിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്? ആ കേസുകൾക്കു പുറമേ റിദാൻ വധക്കേസ്, മാമി തിരോധാനം, പൊലീസിന്റെ ഫോൺ ചോർത്തൽ തുടങ്ങിയ കേസുകളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. 

 നേരത്തേ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ തെളിവുകൾ ഇന്നു നിലമ്പൂരിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് 6.30നാണ് നയവിശദീകരണ യോഗം.

ആരോപണം പുച്ഛത്തോടെ തള്ളുന്നു: ഇ.എൻ.മോഹൻദാസ്

മലപ്പുറം ∙ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളെ പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്. തീവ്ര വർഗീയത പറഞ്ഞ് മു‌സ്‌ലിംകളെയാകെ സിപിഎമ്മിനെതിരാക്കാനുള്ള രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായാണ് തന്നെ ആർഎസ്എസുകാരനായി ചിത്രീകരിക്കുന്നത്. ക്രൈസ്തവ ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങൾക്ക് എംഎൽഎ ഫണ്ട് നൽകുന്നതു ശരിയല്ലെന്നു ജില്ലാ സെക്രട്ടറി പറഞ്ഞെന്ന അൻവറിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. മലപ്പുറം ജില്ലയിലെ പാർട്ടി അംഗങ്ങളിൽ 45% പേർ മുസ്‌ലിംകളാണ്. നിസ്കരിക്കുന്നതോ ഹജ് ചെയ്യുന്നതോ പാർട്ടി തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

English Summary:

Anwar with severe allegations against CPM Malappuram district secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com