തൃശൂരിൽ പിടിയിലായ മേവാത്തി ഗ്യാങ് വ്യാപക കവർച്ചയ്ക്കു പദ്ധതിയിട്ടു; ഗൂഗിൾ മാപ്പ് നോക്കി എടിഎമ്മുകൾ നിശ്ചയിച്ചു
Mail This Article
സേലം ∙ തൃശൂരിലെ കവർച്ചയ്ക്കു പിടിയിലായ മേവാത്തി ഗ്യാങ് തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ വ്യാപകമായി കവർച്ചയ്ക്കു പദ്ധതിയിട്ടിരുന്നതായി തമിഴ്നാട് പൊലീസ്. സേലം ഡിഐജി ഇ.എസ്.ഉമയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ ചോദ്യം ചെയ്തപ്പോഴാണു വിവരം ലഭിച്ചത്. ഗൂഗിൾ മാപ്പ് നോക്കി എടിഎം കൗണ്ടറുകൾ കണ്ടെത്തിയായിരുന്നു തൃശൂരിലെ മോഷണം.
ഇതു തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകൾ പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നു കണ്ടെത്തി. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്. ഹിന്ദി അറിയാവുന്ന പ്രതികൾ ഹരിയാനയിലെ പ്രാദേശിക ഭാഷയിൽ മാത്രമാണ് സംസാരിക്കുന്നത് എന്നതിനാൽ പൊലീസ് ദ്വിഭാഷിയെ എത്തിച്ചാണ് ചോദ്യം ചെയ്തത്.
തൃശൂരിലെ മോഷണത്തിനുശേഷം കോയമ്പത്തൂർ – സേലം ദേശീയപാതയിലെ എടിഎം കൗണ്ടറുകൾ കൊള്ളയടിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. പോകുന്ന വഴികളിൽ പലയിടത്തും പൊലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പദ്ധതി ഉപേക്ഷിച്ച് അമിതവേഗത്തിൽ പാഞ്ഞു. ഇതിനിടെയാണു നാമക്കല്ലിൽ ഇവരുടെ വാഹനം കാറുകളിലും ബൈക്കുകളിലും ഇടിച്ചത്. സമാന രീതിയിലുള്ള പല കവർച്ചകൾക്കും ഇതേ ലോറി ഉപയോഗിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
എസ്ബിഐയെ ലക്ഷ്യംവച്ചത് 500 രൂപയുടെ നോട്ടുകൾക്കായി
എസ്ബിഐയുടെ എടിഎമ്മുകളിൽ കൂടുതലായും 500 രൂപയുടെ നോട്ടുകൾ ഉള്ളതുകൊണ്ടാണ് ഇവ മാത്രം ലക്ഷ്യമിട്ടതെന്നു പ്രതികൾ മൊഴി നൽകി. ചെറിയ തുകയുടെ നോട്ടുകൾ കടത്താൻ ബുദ്ധിമുട്ടായതിനാലാണ് 500 രൂപ നോട്ടുകൾ ലക്ഷ്യമിട്ടത്. പല ബാങ്കുകളിലെയും എടിഎമ്മുകളിൽ 200, 100 രൂപയുടെ നോട്ടുകൾ കൂടുതലുണ്ടാകും.
പ്രതികൾ നേരത്തെ നടത്തിയ കൊള്ളയുടെയും വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞമാസം 21ന് കൃഷ്ണഗിരിയിയിൽ 23 ലക്ഷം, ഏപ്രിൽ 6ന് കൃഷ്ണഗിരിയിൽ 10 ലക്ഷം, ജൂലൈ 6ന് ഹൊസൂരിൽ 14.5 ലക്ഷം എന്നിവ കൊള്ളയടിച്ചത് ഇതേ സംഘമാണെന്നു തമിഴ്നാട് പൊലീസ് കരുതുന്നു.
2 പേർ ചെന്നൈയിൽ എത്തിയതു വിമാനമാർഗം
ചെന്നൈ ∙ തൃശൂരിൽ കൊള്ള നടത്തിയ സംഘത്തിലെ 2 പേർ ഡൽഹിയിൽനിന്ന് ചെന്നൈയിൽ എത്തിയതു വിമാനമാർഗം. പാൽവാൽ കുടാവലി സ്വദേശി ഷബീർ ലിയാഗത്ത് (26), പാൽവാൽ മല്ലൈ സ്വദേശി എസ്.ജൗഹീൻ ഖാൻ (23) എന്നിവരാണ് വിമാനമാർഗം ചെന്നൈയിലെത്തിയത്.
3 പേർ കാറിലെത്തി. മറ്റുള്ളവർ കണ്ടെയ്നർ ലോറിയിലും. ഒന്നിച്ചുചേർന്ന ശേഷമാണു വിശദമായ ആസൂത്രണം നടത്തിയത്. ഷബീറും ജൗഹിനും തുറമുഖത്തെത്തി കണ്ടെയ്നർ ലോറിയിൽ കയറി തൃശൂരിലേക്കു പുറപ്പെട്ടു. കാറും കണ്ടെയ്നറിൽ കയറ്റിയിരുന്നു.
മേവാത്ത് സൈബർ കൊള്ള 3 വർഷം, 336 കോടി!
ന്യൂഡൽഹി∙ ഹരിയാന, രാജസ്ഥാൻ, യുപി എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമാണ് ഓൺലൈൻ തട്ടിപ്പുകൾക്കും എടിഎം കൊള്ളകൾക്കും കുപ്രസിദ്ധമായ മേവാത്ത് മേഖല. യുപിയിലെ മഥുര, രാജസ്ഥാനിലെ ഭരത്പുർ, ഹരിയാനയിലെ നൂഹ് ജില്ലകളിലായാണ് ഈ മേഖല വരുന്നത്.
ജാർഖണ്ഡിലെ ജംതാരയ്ക്കു ശേഷം സൈബർ കുറ്റകൃത്യങ്ങളിൽ വളർന്നു വരുന്ന മേഖലയാണു മേവാത്തെന്നു പൊലീസ് പറയുന്നു. 2020 നും 23 നും ഇടയിൽ മേവാത്ത് മേഖലയിലെ 76 സംഘങ്ങൾ മാത്രം 336 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾ നടത്തിയതായാണു പൊലീസിന്റെ കണക്ക്. ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകളുടെ 18 ശതമാനവും നടക്കുന്നതു ഭരത്പുരിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
മൂന്നര വർഷംമുൻപ് കണ്ണൂരിലും എടിഎം കവർച്ച; അന്നും കണ്ടെയ്നറുമായി മേവാത്തി സംഘം
പാപ്പിനിശ്ശേരി (കണ്ണൂർ) ∙ തൃശൂരിലെ എടിഎം കവർച്ചയ്ക്കു സമാനമായ സംഭവം മൂന്നരവർഷംമുൻപ് കണ്ണൂരിലും ഉണ്ടായി. തൃശൂരിലെ കവർച്ചസംഘത്തെ വഴിയിൽ പിടികൂടിയെങ്കിൽ അന്ന് പ്രതികളെ ഹരിയാനയിലും രാജസഥാനിലും എത്തിയാണ് കണ്ണൂരിൽനിന്നുള്ള പൊലീസ് പിടികൂടിയത്. 2021 ഫെബ്രുവരി 20ന് കല്യാശ്ശേരിയിൽ ഒറ്റരാത്രി 3 എടിഎമ്മുകൾ തകർത്താണ് 24.6 ലക്ഷം രൂപ കവർന്നത്.
കണ്ടെയ്നർ ലോറി എടിഎമ്മിനു മുൻപിൽ നിർത്തിയിട്ട്, ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്താണ് പണം കവർന്നത്. 2 സംഭവങ്ങളിലും ഹരിയാനയിലെ മേവാത്തിൽനിന്നുള്ളവരാണ് പ്രതികൾ. ഹരിയാന മേവാത്ത് ജില്ലയിലെ നൊമാൻ റിസാൽ (30), സൂജുദ് (33), രാജസ്ഥാൻ ഭരത്പൂർ ജില്ലയിലെ മുവീൻ ജമീൽ (30) എന്നിവരാണ് അറസ്റ്റിലായത്. കണ്ടെയ്നർ ലോറി ഡ്രൈവറാണ് ഒന്നാം പ്രതി നൊമാൻ റിസാൽ.
സുരക്ഷാ പാളിച്ചകളുള്ള എടിഎം നേരത്തേ കണ്ടെത്തിയാണ് കവർച്ചയ്ക്ക് തിരഞ്ഞെടുക്കുന്നത്. നൂറുകണക്കിനു സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് കവർച്ചസംഘം സഞ്ചരിച്ച വാഹനത്തെക്കുറിച്ച് വിവരം ശേഖരിച്ചത്. പഴക്കംചെന്ന് ഒഴിവാക്കിയ എടിഎം വിലകൊടുത്തു വാങ്ങി പരിശീലനം നേടുന്നതായി പ്രതികൾ കുറ്റസമ്മതം നടത്തിയിരുന്നു.
പൊലീസ് അന്നേ പറഞ്ഞു; ബാങ്കുകൾ കേട്ടില്ല
കണ്ണൂർ മോഷണത്തിനു പിന്നാലെ, പണം കവരുന്ന സംഘങ്ങളെക്കുറിച്ചും എടിഎമ്മിലെ സുരക്ഷാപാളിച്ചകളെക്കുറിച്ചും പൊലീസ് ബാങ്കുകൾക്കു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഒരു നടപടിയുമെടുത്തില്ല എന്നതിന്റെ തെളിവാണ് തൃശൂരിലെ കവർച്ച.
അന്വേഷണ സംഘത്തിന്റെ അന്നത്തെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മുഴുവൻ എംടിഎം കൗണ്ടറുകളിലും സുരക്ഷ ശക്തമാക്കാൻ ബാങ്കുകൾക്ക് കർശന നിർദേശം നൽകിയിരുന്നു. ബർഗ്ലർ അലാം സ്ഥാപിക്കുക, സെക്യൂരിറ്റിയെ നിയമിക്കുക, സിസിടിവി ക്യാമറകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങൾ ബാങ്കുകൾ ഇനിയും നടപ്പാക്കിയിട്ടില്ല.